കെണിയൊരുക്കി പൊലീസ്:സ്വന്തം മൊഴി ഫ്രാങ്കോ മുളയ്ക്കലിന് കുരുക്കായി

By Web TeamFirst Published Sep 21, 2018, 10:13 PM IST
Highlights

കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബിഷപ്പിന്‍റെ നിലപാട് എന്നാല്‍ അതിനെ പൊളിക്കുന്ന രീതിയിലുള്ള മൊഴികള്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്ലില്‍ ബിഷപ്പില്‍ നിന്നു തന്നെ ലഭിച്ചു.

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് രാത്രി എട്ട് മണിയോടെ രേഖപ്പെടുത്തിയെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു.ബലാല്‍ത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ പീഠനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്.പി വ്യക്തമാക്കി. 

ചോദ്യം ചെയ്യല്ലില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ ബിഷപ്പിന് ആവശ്യമായ സമയം പൊലീസ് നല്‍കിയിരുന്നു. പിന്നീട് ഈ മൊഴികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്‍റെ പ്രതിരോധം പൊലീസ് തകര്‍ത്തത്. കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ബിഷപ്പിന്‍റെ നിലപാട് എന്നാല്‍ അതിനെ പൊളിക്കുന്ന രീതിയിലുള്ള മൊഴികള്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്ലില്‍ ബിഷപ്പില്‍ നിന്നു തന്നെ ലഭിച്ചു.

രണ്ട് മാസത്തെ അന്വേഷണത്തിന്‍റെ ഭാഗമായി ഒരുപാട് തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. അതിനൊപ്പം ഗൂഢാലോചന വാദം തരണം ചെയ്യാനുള്ള വിവരങ്ങള്‍ ബിഷപ്പില്‍ നിന്നും ലഭിച്ചത് പൊലീസിന് ഗുണം ചെയ്തെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറയുന്നു. നാളെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും. തെളിവെടുപ്പും ലൈംഗീക പരിശോധനയും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തുമെന്ന് എസ്.പി അറിയിച്ചു. 

 

click me!