കോടികൾ തട്ടിയ ഹീര ഗ്രൂപ്പിനെതിരായ പരാതികളിൽ അന്വേഷണം ഇഴയുന്നു

By Web TeamFirst Published Jan 17, 2019, 2:13 PM IST
Highlights

മലയാളികൾ അടക്കമുള്ള നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ ഹീര ഗ്രൂപ്പിനെതിരായ പരാതികളിൽ അന്വേഷണം ഇഴയുന്നു

കോഴിക്കോട്: മലയാളികൾ അടക്കമുള്ള നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ ഹീര ഗ്രൂപ്പിനെതിരായ പരാതികളിൽ അന്വേഷണം ഇഴയുന്നു. അന്വേഷണത്തിൽ പൊലീസിന് ഏകോപനമില്ലെന്നാണ് തട്ടിപ്പിനിരയായവരുടെ ആക്ഷേപം. പുതിയ പരാതികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും നിക്ഷേപകർ പറയുന്നു.

ഇസ്ലാമിക് ഹലാല്‍ ബിസിനസ്സ് എന്ന പേരിലാണ് രാജ്യത്തിനകത്തും പുറത്തും ഹീര ഗ്രൂപ്പ് ഓഫ് കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരുടെ പരാതിയെ തുടർന്ന് കമ്പനി സിഇഒ ഹൈദരാബാദ് സ്വദേശിനി ആലിമ നുഹൂറ ഷെയ്ക്ക് മൂന്ന് മാസം മുമ്പ് അറസ്റ്റിലായി. വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകളുണ്ട്. നൂറ് കണക്കിന് മലയാളികളാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് ഇടിയങ്ങരയിലാണ് കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെ നിരവധി പേർ പരാതിയുമായെത്തി. എന്നാൽ പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണകാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. ഭീമമായ തട്ടിപ്പായതിനാൽ അന്വേഷണം ലോക്കൽ പൊലീസ് നടത്തണോ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം. ഇപ്പോൾ പരാതി സ്വീകരിക്കാൻ ലോക്കൽ പൊലീസ് തയ്യാറാവുന്നില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു.

കോഴിക്കോട് ചെമ്മങ്ങാ‍ട് പൊലീസ് മാത്രമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിക്കാരായ 17 പേരെ കേസിൽ സാക്ഷികളാക്കി. എന്നാൽ ഈ കേസിൽ കമ്പനി സിഇഒ ആലിമ നുഹൂറ ഷെയ്ക്ക് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. പൊലീസ് നടപടി കാര്യക്ഷമമ്മല്ലാത്തതിനാലാണ് ഇവർക്ക് ജാമ്യം കിട്ടിയതെന്ന് പരാതിക്കാർ പറയുന്നു. നിയമനടപടികൾ ശക്തമാക്കിയില്ലെങ്കിൽ കമ്പനിയിൽ നിന്ന് കണ്ടുകെട്ടാൻ കഴിയുന്ന സ്വത്തുക്കൾ പോലും നഷ്ടപ്പെടുമെന്നും പരാതിക്കാർ പറയുന്നു. 

click me!