സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്‍ അന്തരിച്ചു

By Web DeskFirst Published Sep 25, 2016, 6:55 PM IST
Highlights

കാസര്‍ഗോഡ്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്‍ (102) അന്തരിച്ചു. ഞായറാഴ്ച രാത്രി 10.20-ഓടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉപ്പുസത്യാഗ്രഹസമരത്തിലും ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും പങ്കെടുത്തിട്ടുള്ള  മാധവന്‍ സമര വോളന്റിയര്‍മാരില്‍ അവസാനകണ്ണിയായിരുന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ ഒരു മണിവരെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

12-ാം വയസ്സില്‍ത്തന്നെ സമരരംഗത്തെത്തിയ മാധവന്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണം, മദ്യവര്‍ജനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പയ്യന്നൂരില്‍ 1928-ല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1930-ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയില്‍ അംഗമായി. 1931-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും വോളന്റിയറായി.
    
കോണ്‍ഗ്രസിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി, കെ.പി.സി.സി. അംഗം, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കയ്യൂര്‍ സമരം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കര്‍ഷകസംഘം രൂപവത്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു,      
     
ജന്മിത്വ-നാടുവാഴിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണേശ്വരം നെല്ലെടുപ്പ് സമരം എന്നിവയ്ക്കും നേതൃത്വം കൊടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വെല്ലൂര്‍, കടല്ലൂര്‍ ജയിലിലും വിവിധ ഘട്ടങ്ങളിലായി ശിക്ഷയനുഭവിച്ചു. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായിരുന്നു കെ.മാധവന്‍.1957-ലും 65-ലും ഹൊസ്ദുര്‍ഗില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ നിലയുറപ്പിച്ചു. 16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ല്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. 96-ല്‍ സി.പിഎം വിട്ടു.

 

click me!