
ഭുവനേശ്വർ: അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വർധിക്കുന്നതിന്റെ കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്ന വാദവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. വർധിച്ച് വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഉത്കണ്ഠയുണ്ടെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങൾ കാരണം യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ ലോകത്താകമാനമുള്ള കറൻസികളുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. രൂപയെയും അത് സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇന്ധന വില അസാധാരണമായി വർധിക്കുകയാണ്. എണ്ണവില വർധന, രൂപയുടെ വിലയിടിവ് എന്നീ രണ്ട് ഘടകങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുറത്തുനിന്നു ബാധിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. കേരളത്തിൽ ശനിയാഴ്ച പെട്രോളിന് വില 82 രൂപ കടന്നു. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയിലും വര്‍ധനവുണ്ടായി. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ കൂടി 1410.50 രൂപയുമായി.
ഇന്ധന വില വന്‍ തോതില്‍ വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്. വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ശേഷം വലിയ വില വര്‍ധനയുണ്ടാവുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. നേരത്തെ, കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പുള്ള ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിക്കാതെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പും വിധി പ്രഖ്യാപിക്കലുമെല്ലാം കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും വര്‍ധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam