ജി-20 ഉച്ചകോടി; നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും ജര്‍മ്മനയില്‍

By Web DeskFirst Published Jul 7, 2017, 7:07 AM IST
Highlights

ഹാംബര്‍ഗ്: ഇന്ത്യാ ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം ഇന്ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കും. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉണ്ടാവില്ലെന്ന് ഇന്നലെ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.

ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തിയത്. ജി-20 ഉച്ചകോടിക്കിടെ ഇന്ത്യ ശ്രദ്ധിക്കാന്‍ പോകുന്നത് ഇന്ത്യാ-ചൈന സംഘര്‍ഷം പരിഹരിക്കാന്‍ എന്തെങ്കിലും നീക്കമുണ്ടാവുമോ എന്നാണ്. ഉഭയകക്ഷി ചര്‍ച്ച ഉണ്ടാവില്ലെന്ന് ഇരു നേതാക്കളും ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നരേന്ദ്ര മോദിയും ഷി ജിന്‍പിങും ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിനെത്തുന്നുണ്ട്. ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് കൂട്ടായ്മയിലുള്ള മറ്റു രാജ്യങ്ങള്‍.

അഞ്ചു രാഷ്‌ട്രനേതാക്കള്‍ മാത്രം ഒത്തു കൂടുമ്പോള്‍ മോദിക്കും ഷി ജിന്‍പിങ്ങിനുമിടയില്‍ അനൗപചാരിക സംഭാഷണത്തിനുള്ള സാധ്യത വിദേശകാര്യ ഉദ്യോഗസ്ഥര്‍ തള്ളിയിട്ടില്ല. ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ചുംബ താഴ്വരയില്‍ നിന്ന് പിന്‍മാറുന്നത് വരെ ഒത്തുതീര്‍പ്പില്ല എന്നാണ് ചൈനയുടെ നിലപാട്. ഇന്നലെ വൈകിട്ട് ടിബറ്റന്‍ മേഖലയില്‍ സൈനിക അഭ്യാസം നടത്തി ചൈന വീണ്ടും പ്രകോപനത്തിന് ശ്രമിച്ചു.

5100 അടി ഉയരത്തില്‍ നടത്തിയ അഭ്യാസത്തിന്റെ വിവരം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തു വിടുകയും ചെയ്തു. അതേ സമയം ചൈന പ്രസ്താവനകളിലൂടെ നടത്തുന്ന പ്രകോപനത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കേണ്ടതില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം.

tags
click me!