ഗെയ്‍ൽ പൈപ്പ്‍ലൈൻ അവസാനഘട്ടത്തിൽ, ഉടൻ നാടിന് സമർപ്പിക്കും: മുഖ്യമന്ത്രി

By Web TeamFirst Published Jan 19, 2019, 3:47 PM IST
Highlights

ഗെയ്‍ൽ പൈപ്പ്‍ലൈൻ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം നാം കൈവരിക്കുന്നത് എന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 
 

തിരുവനന്തപുരം: ഗെയ്‍ൽ പൈപ്പ്‍ലൈൻ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം കൈവരിക്കുന്നത് എന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം

സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം നാം കൈവരിക്കുന്നത്.

2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയിൽ രണ്ടാം ഘട്ടം, കൊച്ചി-മംഗലാപുരം , കൊച്ചി-കോയമ്പത്തൂർ -ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ആഗസ്തിൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് 2016 ജൂണിലാണ് ജീവൻ വച്ചത്.

കൊച്ചി- മംഗലാപുരം പാതയിൽ 410 കിലോമീറ്ററിലാണ്ണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. 2016 മെയ് വരെ 80 കി.മീ. ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയിലിന് കൈമാറിയത്. 2016 ജൂണിന് ശേഷം 330 കി.മീ. പൈപ്പ് ലൈനിടാൻ സ്ഥലം ലഭ്യമാക്കി. ആയിരം ദിനങ്ങൾക്കുള്ളിലാണ് 380 കി മീ ദൂരത്തും പൈപ്പ് ലൈൻ ഇട്ടത്. 22 സ്റ്റേഷനുകളിൽ 22 ഉം ആയിരം ദിനങ്ങൾക്കിടയിൽ പൂർത്തീകരിച്ചു. അവസാന മിനുക്കുപണി പൂർത്തിയാക്കി പൈപ്പ് ലൈൻ വേഗത്തിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനം.

കൊച്ചി- മംഗലാപുരം പാതയിൽ കൂറ്റനാട് വച്ച് കോയമ്പത്തൂർ - ബംഗളൂരു പാതയിലേക്കുള്ള പൈപ്പ് ലൈൻ ആരംഭിക്കും. കേരളത്തിന്റെ ഭാഗമായ 98 കിലോമീറ്ററിൽ 85 കി.മീ ലും ഭൂ വിനിയോഗ അവകാശം ലഭ്യമാക്കിയത് ഈ 1000 ദിനങ്ങൾക്കിടയിലാണ്. 20 കി മീ പ്രവൃത്തിയും ഈ ഘട്ടത്തിൽ പൂർത്തീകരിച്ചു.

മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് വികസന കുതിപ്പിൽ നാഴികക്കല്ലാകുന്ന പദ്ധതിയ്ക്കായി സർക്കാർ മുന്നോട്ടു പോയത്.
 

click me!