
നാഗപട്ടണം: ഗജ ചുഴലിക്കാറ്റിൽ തകർന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനായി മാതാപിതാക്കൾ 12 വയസുള്ള മകനെ 10,000 രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് സംഭവം.
നാഗപട്ടണത്തിനടുത്ത് പണാൻഗുഡി എന്ന സ്ഥലത്ത് ബി ചന്ദ്രു എന്നയാളുടെ കൃഷിഭൂമിയില്‍ കാലികളെ വളര്‍ത്തുന്നത് 12കാരനാണെന്ന വിവരം കിട്ടിയതിനെ തുടർന്ന് എത്തിയ ഉദ്യോഗസ്ഥരാണ് ആൺകുട്ടിയെ കണ്ടെത്തിയത്. 15 ദിവസമായി കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടിയെ ഡിസംബര്‍ 22 നാണ് ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. തുടർന്ന് കുട്ടിയെ പൊലീസ് നാഗപട്ടണം സബ് കളക്ടര്‍ എ കെ കമൽ കിഷോറിന്റെ ഓഫീസിൽ ഏൽപിക്കുകയായിരുന്നു.
കുട്ടിയുമായി കളക്ടർ സംസാരിച്ചതിനുശേഷമാണ് ദയനീയമായ കഥയുടെ പുറം ലോക മറിയുന്നത്. ഗജ ചുഴലിക്കാറ്റിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബം വീട് പണിയുന്നതിനും മറ്റുമായാണ് തന്നെ ചന്ദ്രുവിന് വിറ്റതെന്ന് കുട്ടി കളക്ടറോട് പറഞ്ഞു. മാതാപിതാക്കള്‍ വിറ്റതിനെ തുടര്‍ന്ന് ചന്ദ്രുവിന്റെ തോട്ടത്തിൽ അടിമവേല ചെയ്യുകയായിരുന്നു കുട്ടി.
പിന്നീട് കുട്ടിയെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നാഗപട്ടണത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ഡിസംബർ 24ന് കുട്ടിയെ മോചിപ്പിക്കുകയും തഞ്ചാവൂരിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. കുട്ടി ഇപ്പോൾ തഞ്ചാവൂരിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. സംഭവത്തിൽ ചന്ദ്രുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നവംബർ 16നാണ് സർവ്വതും നശിപ്പിച്ച് തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് അറുപതിലേറെ പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam