
ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് സാമ്പിത് പാത്ര രംഗത്ത്. ഗാന്ധി കുടുംബത്തിലെ ഭൂരിഭാഗം പേരും ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് ബിജെപിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. ദില്ലിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു സാമ്പിതിന്‍റെ പ്രസ്താവന.
ഏറെക്കാലം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയില്‍ ഗാന്ധി കുടുംബത്തിന് വലിയ പ്രസക്തിയാണുള്ളത്. എന്നാല്‍ ആ കുടുംബത്തിലെ ഭൂരിഭാഗം പേരും ഇന്ന് ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിലായി ഇവർക്കെതിരെയുള്ള കേസുകൾ നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ രാജ്യത്തിന് സമ്മാനിച്ച കുടുംബത്തിൽ നിന്നു തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ജാമ്യത്തിലിറങ്ങി നടക്കുന്നതെന്നത് പരിഹാസ്യമാണ്- സാമ്പിത് പാത്ര പറഞ്ഞു.
ഇന്ത്യ, കുടുംബ സ്വത്താണെന്നും അഴിമതി അവരുടെ അവകാശവുമാണെന്നുമാണ് അവർ കരുതുന്നതെന്നും സാമ്പിത് ആരോപിച്ചു. ഗാന്ധി കുടുംബത്തിന്റെ പേര് ജാമ്യ കുടുംബം എന്നാക്കി മാറ്റണമെന്നാണ് താന്റെ അഭിപ്രായമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. 2015 നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യം എടുത്തിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസ് ഇന്നും നടന്നു കൊണ്ടിരിക്കുകയാണ്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ റോബര്‍ട്ട് വാദ്രയ്ക്ക് ഈ മാസം 16 വരെയാണ് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. വിദേശത്ത് അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്നുള്ളതാണ് വാദ്രക്കെതിരെയുള്ള കേസ്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നടപടിയെന്നായിരുന്നു വാദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam