
അഹമ്മദാബാദ്: പശുവിന്‍റെ കുത്തേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തിലെ പാഠനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയ്ക്കാണ് തെരുവില്‍ അലഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റ് സാരമായ പരിക്കേറ്റതെന്ന് ഗുജറാത്തിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംപിയുടെ ഗാന്ധിനഗറിലെ സെക്ടര്‍-21ലെ വീടിനു മുന്നിലാണ് സംഭവം.
അവിടെ അലഞ്ഞു നടന്ന പശുവാണ് അദ്ദേഹത്തെ കുത്തിയത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തെരുവ് പശുക്കളുടെ ശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകക്ഷിയുടെ ലോകസഭാംഗം തന്നെ ഇരയായത്.
കൂടാതെ സൂറത്തിലും അഹമ്മദാബാദിലും അലഞ്ഞുതിരിയുന്ന പശുക്കളെ പിടിക്കാന്‍ ശ്രമിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരെ ഈ അടുത്ത് ഉടമകള്‍ ആക്രമിച്ചിരുന്നു. ഗോഘാതകരെ ജീവപര്യന്തം തടവിനു ശിക്ഷിക്കാന്‍ നിയമമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആവശ്യത്തിന് തീറ്റയില്ലാതായാലും കറവ വറ്റിയാലും കാലികളെ നഗരത്തില്‍ മേയാന്‍ വിടുന്നതാണ് ഉടമകളുടെ പതിവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam