മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ഋഷിരാജ് സിംഗിനോട് ചോദ്യങ്ങളുന്നയിച്ച കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍

By Web DeskFirst Published Jun 18, 2016, 4:40 PM IST
Highlights

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനോട് ചോദ്യങ്ങളുന്നയിച്ച് കഞ്ചാവ് കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കളക്ട്രേറ്റില്‍ എക്‌സൈസ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊയിലാണ്ടി സ്വദേശി അഷ്റഫ് എന്ന പാവാട അഷ്റഫിനെ ആണ് പിന്നീട് പോലീസ് അറസ്റ്റു ചെയ്തത്.

എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷമുള്ള ഋഷിരാജ് സിംഗിന്റെ ആദ്യ കോഴിക്കോട് സന്ദര്‍ശനം. ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലെത്തിയതായിരുന്നു ഋഷിരാജ് സിംഗ്. മാധ്യമപ്രവര്‍ത്തകരുമായി ആദ്യം സംസാരിച്ചശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്നന് ഋഷിരാജ് സിംഗ് അറിയിച്ചതിനെ തുടര്‍ന്ന് പെട്ടെന്നൊരു വാര്‍ത്താസമ്മേളനം.

ചോദ്യങ്ങള്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ മറുപടി പറയുന്നതിനിടെയാണ് കഞ്ചാവ് കടത്തിനെ കുറിച്ച് മാത്രം തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ച് ഒരാള്‍ കത്തിക്കയറിയത്. കഞ്ചാവ് കടത്തിന് നിലവില്‍ കൊടുക്കുന്ന ശിക്ഷയുടെ കാഠിന്യത്തെ കുറിച്ചുള്ള ചോദ്യം പലകുറി ആവര്‍ത്തിക്കുകയും  ഋഷിരാജ് സിംഗ് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇയാള്‍ ആരെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഉണ്ടായി. ഇക്കാര്യം അറിയാനായി സമീപിച്ചപ്പോള്‍   കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പാവാട അഷ്റഫാണ് താനെന്ന മറുപടിയാണ് കിട്ടിയത്.

പിന്നീട് മാധ്യമപ്രവര്‍ത്തകരെയും പോലീസിനേയും വെല്ലുവിളിച്ചു. വിവരം അറിഞ്ഞ ഋഷിരാജ് സിംഗ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസെത്തി കസ്റ്റഡിയിലെടുത്തു. ക‍ഞ്ചാവ് കടത്തിന്റെ പേരില്‍ രണ്ട് തവണ ശിക്ഷിക്കപ്പെട്ടയാളാണ് അഷ്റഫ്.

സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഇയാള്‍ കച്ചവടം നടത്തിയിരുന്നെന്നും പിന്നീട് എക്‌സൈസ് ഉദ്യോസ്ഥര്‍  പറഞ്ഞു. ഒരു ദൃശ്യമാധ്യമപ്രര്‍ത്തകന്‍ എന്നവകാശപ്പെട്ട്   ഹാളിലേക്ക് കയറിയ ഇയാളെ തിരിച്ചറിയാന്‍ കഴി‍ഞ്ഞില്ലെന്നാണ് എക്‌സൈസിന്റെ വിശദീകരണം. ജാഗ്രത കുറവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷണറുടെ വക ശകാരവും കിട്ടി.

click me!