ഒരിക്കൽ ദുരഭിമാനക്കൊലയുടെ ഇര, ഇന്ന് ജാതിവിരുദ്ധപോരാട്ടങ്ങളുടെ മുഖം: കൗസല്യ വീണ്ടും വിവാഹിതയായി

By Web TeamFirst Published Dec 9, 2018, 5:26 PM IST
Highlights

കോയമ്പത്തൂരിലെ തന്തൈപെരിയാർ ദ്രാവിഡ കഴകം ഓഫീസിൽ - സ്വയമര്യാദക്കല്യാണം - എന്ന ആർഭാടരഹിതമായ ചടങ്ങുകളിലൂടെ കൗസല്യ വീണ്ടും വിവാഹിതയായി. നാടൻകലാകാരൻ ശക്തിയാണ് വരൻ.

കോയമ്പത്തൂർ: സാമൂഹ്യപ്രവർത്തകയും തമിഴ്നാട്ടിലെ ജാതിവിരുദ്ധസമരങ്ങളുടെ മുന്നണിപ്പോരാളിയുമായ കൗസല്യ വീണ്ടും
വിവാഹിതയായി. പറൈ സംഗീതജ്ഞനും തന്തൈ പെരിയാർ ദ്രാവിഡകഴകം പ്രവർത്തകനുമായ ശക്തിയാണ് വരൻ.

എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ കൗസല്യ കേന്ദ്രസർക്കാർ ജീവനക്കാരി കൂടിയാണ്. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ശക്തി പഠനശേഷം പറൈ എന്ന നാടൻ വാദ്യകലയിലേയ്ക്ക് തിരിയുകയായിരുന്നു. ഭാരതിയാർ സർവകലാശാലയിൽ നിന്ന് പറൈയാട്ടത്തിൽ ഡിപ്ലോമ നേടിയ ശക്തി തമിഴ്നാട്ടിലെ മുൻനിര പറൈ വാദ്യകലാകാരനാണ്.

: കൗസല്യയുടെയും ശക്തിയുടെയും വിവാഹച്ചടങ്ങുകൾ

കൺമുമ്പിൽ വച്ച് ഭർത്താവ് കൊല്ലപ്പെട്ട കൗസല്യയുടെ ജീവിതം

2016 മാർച്ച് 13-ന് തമിഴ്നാട്ടിലെ ഉദുമൽപേട്ടൈയൽ വച്ച് സ്വന്തം അച്ഛനും അമ്മാവനും ഏർപ്പെടുത്തിയ വാടകക്കൊലയാളികളുടെ സംഘമാണ് കൗസല്യയുടെ ഭർത്താവായിരുന്ന ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജാതി മാറി വിവാഹം ചെയ്തു എന്നതായിരുന്നു കുറ്റം. കൗസല്യ തേവർ സമുദായാംഗമായിരുന്നു. ശങ്കർ ദളിത് സമുദായാംഗവും. അന്ന് ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും എട്ട് മാസമേ ആയിരുന്നുള്ളൂ. അന്ന് കൗസല്യയ്ക്ക് പ്രായം പത്തൊമ്പത്.

ഗുരുതരമായി പരിക്കേറ്റ കൗസല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗസല്യയുടെ തലയ്ക്ക് വെട്ടേറ്റിരുന്നു. AIDWA പ്രവർത്തകരാണ് അന്ന് കൗസല്യയ്ക്കൊപ്പമുണ്ടായിരുന്നത്. തന്നെയും ശങ്കറിനെയും ആക്രമിച്ചതിന് പിന്നിൽ തന്‍റെ കുടുംബാംഗങ്ങൾ തന്നെയാണെന്ന് കൗസല്യ മൊഴി നൽകി. 

എന്തുവന്നാലും ഇനി തന്‍റെ വീട്ടുകാർക്കൊപ്പം പോകില്ലെന്നും ശങ്കറിന്‍റെ വീട്ടിൽത്തന്നെ താമസിയ്ക്കുമെന്നും കൗസല്യ പ്രഖ്യാപിച്ചു.
അസുഖബാധിതനായിരുന്ന ശങ്കറിന്‍റെ അച്ഛനെയും വൃദ്ധയായ അമ്മയയെും സ്വന്തം കാലിൽ നിന്ന് കൗസല്യ പരിചരിച്ചു. ശങ്കറിന് രണ്ട് ഇളയ സഹോദരങ്ങളായിരുന്നു. രണ്ട് പേരെയും പഠിപ്പിച്ചു. മുടങ്ങിപ്പോയ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി. കേന്ദ്രസർക്കാർ ജോലി നേടി.

ഇതിനിടെയും കൗസല്യയ്ക്ക് നേരെ ആക്രമണങ്ങളും ഭീഷണികളും തുടർന്നു. പലപ്പോഴും ആക്രമണം ഭയന്ന് സ്വന്തം വീടിന്‍റെ മേൽവിലാസം പോലും കൗസല്യയ്ക്ക് ഒളിപ്പിച്ചുവയ്ക്കേണ്ടി വന്നു.

തുടരുന്ന പോരാട്ടം

ഭീഷണികളോട് തോൽക്കാൻ തയ്യാറായിരുന്നില്ല കൗസല്യ. സ്വന്തം അച്ഛനും അമ്മാവനും അടങ്ങിയ കൊലയാളിസംഘത്തിനെതിരെ കേസുമായി കൗസല്യ മുന്നോട്ടുപോയി. ഒടുവിൽ 2017 ഡിസംബർ 12-ന് തിരുപ്പൂർ കോടതി കൗസല്യയുടെ അച്ഛനുൾപ്പടെ ആറ് പേർക്ക് വധശിക്ഷ വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ കൗസല്യയുടെ അമ്മ അന്നലക്ഷ്മിയെയും അമ്മാവൻ പാണ്ടിദുരൈയെയും കോടതി വെറുതെ വിട്ടു. രാജ്യത്താദ്യമായാണ് ഒരു ദുരഭിമാനക്കൊലക്കേസിൽ വധശിക്ഷ വിധിച്ചത്. 

ശിക്ഷാവിധിയോട് പ്രതികരിക്കവേ അന്ന് കൗസല്യ പറഞ്ഞതിങ്ങനെയാണ്: ''കോടതി വിധി ജാതിവെറി മൂത്തവർക്ക് മനസ്സിൽ പേടി തോന്നാനെങ്കിലും ഇടയാക്കട്ടെ. ഇന്ത്യയുടെ നീതിന്യായസംവിധാനത്തിൽ എനിയ്ക്ക് വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിയ്ക്കപ്പെടുന്നു.''

ഇന്ന് തമിഴ്നാട്ടിലെ ജാതിവിരുദ്ധപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയാണ് കൗസല്യ. 2013 ജൂലൈയിൽ കൊല്ലപ്പെട്ട ഇളവരശന്‍റെ ഭാര്യ ദിവ്യയെയും കൗസല്യ കാണാനെത്തി. 

ജാതിവെറി അവസാനിയ്ക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് കൗസല്യ പറയുന്നു. വിവാഹത്തിന് ശേഷം കൗസല്യയും ശക്തിയും ചേർന്ന് ചൊല്ലിയ വാചകങ്ങളിലും ആ പ്രതിജ്ഞ ആവർത്തിയ്ക്കപ്പെടുന്നു. ''ഈ നാട്ടിലെ ജാതിവെറിയും അക്രമങ്ങളും അവസാനിയ്ക്കുന്നത് വരെ പോരാടാൻ ഞങ്ങളുടെ ജീവിതം പ്രതിജ്ഞാബദ്ധമാണ്. സ്ത്രീസമത്വത്തിന് വേണ്ടി എന്നും പോരാടും. പ്രണയിച്ച് വിവാഹിതരായതിന് ഭീഷണികൾ നേരിടേണ്ടി വരുന്നവർക്ക് ഞങ്ങളുടെ വീടിന്‍റെ വാതിൽ എന്നും തുറന്നിടപ്പെടും. ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുന്നവർക്ക് ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാം.''

click me!