
മുംബൈ: വിവാഹാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ മുംബൈയിലെ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തി. താനെ സ്വദേശിനി പ്രാച്ചി സാദെയാണ് ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിൽ ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ ജോലിസ്ഥലത്തേക്കു പോകവെ ആകാശ് പവാർ എന്ന യുവാവ് യുവതിയെ കുത്തുകയായിരുന്നു.
എക്സ്പ്രസ് വേയിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു സമീപം പ്രാച്ചിയുടെ വാഹനം തടഞ്ഞ ആകാശ് യുവതിയെ വാഹനത്തിൽനിന്നു വലിച്ചിറക്കി. ഇതിനുശേഷം തന്റെ വിവാഹാഭ്യർഥനയ്ക്കു മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. യുവതി ഇത് നിരസിച്ചതോടെ "നീ എന്റേതായില്ലെങ്കിൽ, മറ്റാർക്കൊപ്പവുമാകാൻ അനുവദിക്കില്ല’ എന്നു പറഞ്ഞ് ആകാശ് പ്രാച്ചിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.
രക്ഷപ്പെടുന്നതിനിടെ ബസ് ഇടിച്ച് ആകാശിനു പരിക്കേറ്റു. ഇതേതുടർന്ന് ഇയാൾ ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആകാശിനെ പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. വഴിയിൽ കുത്തേറ്റുകിടന്ന പ്രാച്ചിയെ ചിലർ മൊബൈൽ ഫോണിൽ പകർത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ വഴിയാത്രക്കാരിൽ ആരും തയാറായില്ലെന്നു പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam