ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

By Web DeskFirst Published Dec 11, 2017, 2:12 PM IST
Highlights

തിരുവനന്തപുരം: കരിപ്പൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പല്‍ ദീപയാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ അഞ്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ശാലു , വൈഷ്ണവി, നീതു, ഷൈജ, ആതിര എന്നിവരാണ് അറസ്റ്റിലായത്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കൊണ്ടോട്ടി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഭീഷണി, മര്‍ദ്ദനം തുടങ്ങി 8 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്ന് മൊഴി നല്‍കിയ പെണ്‍കുട്ടി പിന്നീട് സഹപാഠികള്‍ ആക്രമിക്കുന്നതിനിടെ കാലുതെന്നി വീണതാണെന്ന് മൊഴി മാറ്റിയിരുന്നു. ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കരിപ്പൂര്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണുകയായിരുന്നു. ആത്മഹത്യാ ശ്രമമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സഹപാഠികളുടെ ആക്രമണത്തിനിടെ കാല്‍ വഴുതി വീണതാണെന്നാണ് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനി പൊലീസിന് പുതിയ മൊഴി നല്‍കിയത്.

സ്ഥാപന അധികൃതര്‍ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥിനി ആദ്യം മൊഴി നല്‍കിയിരുന്നുത്. കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി പൊലീസ് തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു യുവതിയുടെ പുതിയ മൊഴി. വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്ഥാപനവും അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. തമ്പാനൂര്‍ അരിസ്റ്റോ ജംഗക്ഷനിലെ ഐഎംപിഎസ് എന്ന സ്ഥാപനത്തിലാണ് വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. കോളേജ് അധികൃതരും സഹപാഠികളും ജാതിപ്പേര് വിളിച്ച് പെണ്‍കുട്ടിയെ ആക്ഷേപിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെയും ആരോപണം. കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു. നവംബാര്‍ ഏഴിനാണ് പരിശീലനത്തിനായി ഐഎംപിഎസിലെ വിദ്യാര്‍ത്ഥികളെ കരിപ്പൂരിലേക്ക് കൊണ്ടു പോയത്. പരിശീലനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നവംബര്‍ 30 നാണ് യുവതി കെട്ടിടത്തില്‍ നിന്നും വീണത്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 

click me!