നൃത്താധ്യാപികയുടെ ക്രൂരമർദ്ദനത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി; കേസ് പിന്‍വലിക്കണമെന്ന് ആവശ്യം

By Web TeamFirst Published Jan 8, 2019, 11:43 PM IST
Highlights

ഇടുക്കിയിൽ നൃത്താധ്യാപികയുടെ ക്രൂരമർദ്ദനത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും ഫോണിലൂടെ വധഭീഷണിയെന്ന് പരാതി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അജ്ഞാതന്റെ ഭീഷണി.

ഇടുക്കി: കുമളിയിൽ നൃത്താധ്യാപികയുടെ ക്രൂരമർദ്ദനത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും ഫോണിലൂടെ വധഭീഷണിയെന്ന് പരാതി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അജ്ഞാതന്റെ ഭീഷണി. പെണ്‍കുട്ടിയുടെ കുടുംബം കുമളി പൊലീസിൽ പരാതി നൽകി.

ചെൽഡ് ലൈനിന്‍റെ ദില്ലിയിലുള്ള ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിയെത്തിയത്. സംസാരത്തിൽ അസ്വഭാവികത തോന്നിയതോടെ പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. ഇതോടെ വിളിച്ചയാൾ ക്ഷുഭിതനാവുകയും കേസ് പിൻവലിച്ചില്ലെങ്കിൽ പെണ്‍കുട്ടിയേയും അമ്മയേയും അപായപ്പെടുത്തുമെന്നും പറഞ്ഞു. അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് മറ്റൊരു ഫോണിൽ വിളിച്ച് കുട്ടിയേയും ഭീഷണിപ്പെടുത്തി.

ചെൽഡ് ലൈനിൽ ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു ഉദ്യോഗസ്ഥൻ ദില്ലിയിൽ ഇല്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് കുടുംബം കുമളി പൊലീസിന് പരാതി നൽകിയത്. കേസെടുത്തെന്നും വിളിച്ചയാളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം നാലാം തീയ്യതിയാണ് വീട്ടുജോലികൾ ചെയ്യാതിരുന്നതിന് നൃത്താധ്യാപിക ശാരദാ മേനോൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പിന്നീട് കേസിൽ ശാരദാ മേനോന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷണത്തിൽ അതൃപതി അറിയിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

click me!