
മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇപ്പോള്‍ ഇതിലും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി ഡാന്‍സ് കളിപ്പിച്ച ശേഷമായിരുന്നു ബലാത്സംഗം നടന്നതെന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
ബലം പ്രയോഗിച്ച് പെണ്‍കുട്ടികളെ ഇവിടെ നൃത്തം ചെയ്യിക്കാറുണ്ടായിരുന്നു. അശ്ലീല ഗാനങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുമ്പോള്‍ ഇവരുടെ വസ്ത്രങ്ങളും ബലം പ്രയോഗിച്ച് അഴിച്ച് കളയും. മയക്ക് മരുന്നുകളും കുട്ടികളെ നിര്‍ബന്ധിച്ച് ഉപയോഗിപ്പിച്ച ശേഷമായിരുന്നു പലപ്പോഴും ബലാത്സംഗം നടന്നതെന്ന് 73 പേജുള്ള സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമാണിമാരാണ് അഭയകേന്ദ്രത്തിലെ കുട്ടികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം പത്ത് വര്‍ഷത്തോളം ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായാണ് അഭയകേന്ദ്രത്തിലെ കുട്ടികള്‍ നേരത്തെ വെളിപ്പെടുത്തിയത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ പരിപാടിക്കിടെ കഴിഞ്ഞ വര്‍ഷം കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് ക്രൂര പീഡനം പുറംലോകം അറിഞ്ഞത്. ബിഹാറിലെ സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്ന മഞ്ജു വര്‍മ്മ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മാസങ്ങളോളം ഒളിവിലായിരുന്ന മഞ്ജു വര്‍മ്മ അടുത്തിടെ കോടതിയില്‍ കീഴടങ്ങിയിരുന്നു.
അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന ബ്രജേഷ് താക്കൂറാണ് കേസിലെ മുഖ്യപ്രതി. ബ്രജേഷ് താക്കൂറുമായി മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ പ്രതിയായത്. മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്ക് അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ കാഴ്ച്ചവെക്കലായിരുന്നു നടന്നത്. അന്തേവാസികളായിരുന്ന 42 ല്‍ 34 പേരും ബലാത്സംഗത്തിന് ഇരകളായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam