
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മധുരൈയിൽ എയിംസ് ആശുപത്രിയുടെ തറക്കല്ലിടൽ നിർവഹിക്കും. രാവിലെ 11.30-ക്കാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ഇതിനിടെ മോദിക്കെതിരെ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാണ്.
'ഗോ ബാക്ക് മോദി' എന്ന ഹാഷ് ടാഗിൽ പതിനായിരക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ട്വിറ്റർ ട്രെൻഡിംഗിൽ ഏറ്റവും മുന്നിലും ഈ ഹാഷ് ടാഗ് തന്നെ.
തമിഴ്നാടിന്‍റെ ഭൂപടത്തിൽ പെരിയാറിന്‍റെ ചിത്രത്തോടുകൂടിയ കാർട്ടൂണോടെയാണ് പ്രതിഷേധപോസ്റ്റുകൾ പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ കർഷകൻ മോദിയെ നാട്ടിൽ നിന്ന് ചവിട്ടിപ്പുറത്താക്കുന്ന കാർട്ടൂണും ട്രെൻഡിംഗാണ്.
എന്നാൽ ഇതിനെ പ്രതിരോധിക്കാൻ 'ടി എൻ വെൽകംസ് മോദി' എന്ന ഹാഷ് ടാഗ് ബിജെപി പ്രവർത്തകരും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഗജ ചുഴലിക്കാറ്റ് വ്യാപകനഷ്ടമുണ്ടാക്കിയപ്പോൾ മോദി സഹായിക്കാൻ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രതിഷേധക്കാർ തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റ് മരിച്ചപ്പോൾ എവിടെയായിരുന്നു എന്ന് ചോദിക്കുന്നു. കാവേരി പ്രശ്നം വന്നപ്പോൾ മോദി കർണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ വർഷം മോദി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കടുത്ത് കറുത്ത ബലൂൺ പറത്തിയാണ് അന്ന് പ്രതിഷേധം നടന്നത്. ഇത് കണക്കിലെടുത്ത് ചെന്നൈ ഐഐടിയിലേക്കുള്ള മോദിയുടെ റോഡ് മാർഗമുള്ള യാത്ര ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് എത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam