
പനാജി: ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം വിതച്ച തിത്ലി കൊടുങ്കാറ്റില്‍ ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഗോവന്‍ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കടലില്‍ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്.
തിത്‍ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം. ആന്ധ്രയിലെ ശ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുളള ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 5 തീരദേശ ജില്ലകളിൽ നിന്നാണ് ഏതാണ്ട് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചത്.
ഇന്നു പുലർച്ചെ അഞ്ചരയോടെ ചുഴലിക്കാറ്റ് ശക്തമായ മഴയോടെ ഒഡീഷാ തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. അഞ്ചു ജില്ലകളുടെ കലക്ടർമാരോടും തീരത്തു നിന്നു ജനത്തെ അടിയന്തരമായി ഒഴിപ്പിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. ഒഡീഷയിൽ വിവിധ സ്ഥലങ്ങളിലായി 836 ക്യാംപുകൾ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിർത്തി. വേണ്ടിവന്നാൽ പട്ടാളത്തിന്റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്നു നാളെയും അവധി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam