കൊലപാതക കേസുകളില്‍ പ്രതിയായ ആള്‍ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി

By Web TeamFirst Published Oct 11, 2018, 4:52 PM IST
Highlights

സ്വയം പ്രഖ്യാപിlആള്‍ ദൈവം രാംപാലും 27 അനുയായികളും രണ്ട് കൊലപാതക കേസുകളില്‍ കുറ്റക്കാരെന്ന് ഹരിയാന കോടതി കണ്ടെത്തി. അഡീഷണല്‍ ജില്ലാ സെസഷന്‍സ് കോടതിയാണ് രാംപാലിനെ കുറ്റക്കാരനെന്ന് വിധിച്ചത്. 

ദില്ലി: സ്വയം പ്രഖ്യാപിlആള്‍ ദൈവം രാംപാലും 27 അനുയായികളും രണ്ട് കൊലപാതക കേസുകളില്‍ കുറ്റക്കാരെന്ന് ഹരിയാന കോടതി കണ്ടെത്തി. അഡീഷണല്‍ ജില്ലാ സെസഷന്‍സ് കോടതിയാണ് രാംപാലിനെ കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ ഒക്ടോബര്‍ 16, 17 തീയതികളില്‍ പ്രഖ്യാപിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹിസാറിലെ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതിയിലായിരുന്നു വിധി.

2014 നവംബറിലാണ് രാംപാല്‍ പൊലീസ് പിടിയിലാവുന്നത്. ഹിസാറിലെ സെന്‍ട്രല്‍ ജയില്‍ - 2 വില്‍ ആയിരുന്നു ഇയാള്‍. രാംപാലിന്‍റെ സത്ലോക്  ആശ്രമത്തിന് മുന്നില്‍ രണ്ടാഴ്ച നീണ്ടുനിന്ന അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും അനുയായികളും തമ്മിലുണ്ടായ. ഏറ്റുമുട്ടലില്‍  നാല് സ്ത്രീകളും ഒരു കുട്ടിയും മരിക്കുകയും നിരവിധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

കീഴ്ക്കോടതി വിധിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് രാംപാലിന്‍റെ ആശ്രമം മീഡിയ കോഡിനേറ്റര്‍ ചന്ദ് രതീ പറഞ്ഞു. '' ഇത് ഞങ്ങളോടുള്ള നീതികേടാണ്. ഞങ്ങള്‍ ഈ വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും'' - ചന്ദ് രതീ വ്യക്തമാക്കി. ഹരിയാനയിലെ ദേരാ സച്ഛാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം രഹീമിന്‍റെ വിധിയ്ക്ക് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹിസാറിലും സമീപ പ്രദേശങ്ങളിലും സര്‍ക്കാര്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 

2014 ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. 2006 ല്‍ നമടന്ന കൊലപാതക കേസിലായിരുന്നു അറസ്റ്റ്. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ സത്ലോക് ആശ്രമത്തിന് മുന്നില്‍ അനുയായികളെ കവചമാക്കിയാണ് രാംപാല്‍ അറസ്റ്റ് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. 

click me!