ഗോൾഡൻ ബാബ ​ഗാസിയാബാദിലെത്തി; കൂടെ 20 കിലോ സ്വർണ്ണം, 21 കാറുകളും അകമ്പടിയും

By Web TeamFirst Published Aug 8, 2018, 1:26 PM IST
Highlights

കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് മുന്‍വര്‍ഷങ്ങളിലും ബാബ യാത്ര ചെയ്തിരുന്നത്. ഓരോ വർഷവും അണിയുന്ന സ്വർണ്ണത്തിന്റെ തൂക്കവും എണ്ണവും വർദ്ധിപ്പിക്കും. 
 

ഹരിദ്വാർ: ഗോൾഡൻ ബാബയുടെ കൻവാർ തീർത്ഥയാത്ര അവസാന ഘട്ടത്തിലേക്ക്. അമ്പത്തിയാറുകാരനായ ബാബയുടെ യാത്ര ​ഗാസിയാബാദിലെത്തിക്കഴിഞ്ഞു. ഈ യാത്രയിൽ ബാബയ്ക്ക് അകമ്പടി സേവിക്കുന്നത് 21 കാറുകളാണ്. ദേഹത്ത് അണിഞ്ഞിരിക്കുന്നത് ഏകദേശം ആറ് കോടി രൂപ വില വരുന്ന 21 കിലോ​ഗ്രാം സ്വർണ്ണമാണ്. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് മുന്‍വര്‍ഷങ്ങളിലും ബാബ യാത്ര ചെയ്തിരുന്നത്. ഓരോ വർഷവും അണിയുന്ന സ്വർണ്ണത്തിന്റെ തൂക്കവും എണ്ണവും വർദ്ധിപ്പിക്കും. 

25ാമത്തെ തവണയാണ് താൻ കൻവാറിലേക്ക് യാത്ര ചെയ്യുന്നതെന്നാണ് ബാബ അവകാശപ്പെടുന്നത്. ഒന്നരക്കോടി രൂപയാണ് ഇത്തവണ യാത്രയ്ക്കായി ചെലവഴിച്ചിരിക്കുന്നത്. എല്ലാ സന്നാഹങ്ങളോടും കൂടിയാണ് യാത്ര. ആഡംബര കാറുകള്‍ കൂടാതെ ഡോക്ടര്‍മാരും ആംബുലന്‍സും ഒപ്പമുണ്ട്. ആദ്യയാത്രയിൽ തനിക്ക് വെറും 250 രൂപയാണ് ചെലവായതെന്നും ബാബ കൂട്ടിച്ചേർക്കുന്നു. 

25 മാലകളും 21 ലോക്കറ്റുകളും സ്വര്‍ണവാച്ചുമൊക്കെ അടങ്ങിയതാണ് ആഭരണങ്ങള്‍. ഈശ്വര കടാക്ഷം കൊണ്ടാണ് സ്വര്‍ണം വര്‍ധിച്ചതെന്നും ഈശ്വരാനുഗ്രമുണ്ടെങ്കില്‍ ഇനിയുള്ള വര്‍ഷങ്ങളിലും കന്‍വാര്‍ യാത്ര നടത്തുമെന്നും ഗോള്‍ഡന്‍ ബാബ പറഞ്ഞു. പൂർവ്വാശ്രമത്തിൽ സുധീർ മക്കാർ എന്ന വസ്ത്ര വ്യപാരിയായിരുന്നു ​ഗോൾഡൻ ബാബ. പിന്നീട് ബിസിനസിലേക്കെത്തി. അതിന് ശേഷമാണ് എല്ലാം ഉപേക്ഷിച്ച് സന്യാസിയായത്. എന്നാൽ സ്വർണ്ണത്തോടുള്ള ഭ്രമം മാത്രം ഉപേക്ഷിച്ചില്ല. ഇന്ന് 150 കോടി രൂപയാണ് ഗോള്‍ഡന്‍ ബാബയുടെ സമ്പാദ്യം. താൻ മരിക്കുന്നത് വരെ സ്വർണ്ണത്തോടുള്ള ഇഷ്ടം അസാനിക്കില്ലെന്നും ബാബ പറയുന്നു.

ഒരു ബിഎംഡബ്ളിയു, മൂന്ന് ഫോർച്ചൂണർ, രണ്ട് ഔഡി, രണ്ട് ഇന്നോവ എന്നിങ്ങനെയാണ് ബാബയുടെ വാഹന സമ്പത്ത്. സ്വർണ്ണവും കാറുകളും തനിക്ക് ഒരുപോലെയെന്ന് ബാബ പറയുന്നു.  ഈ ലോകം വിട്ടു പോകുമ്പോൾ തന്റെ സമ്പാദ്യങ്ങളൊക്കെയും ഏറ്റവും ഇഷ്ടപ്പെട്ട അനുയായിക്ക് ന​ൽകും. ​ഗാസിയാബാദിലെ ഇന്ദിരാപുരത്ത് സ്വന്തമായി ലക്ഷ്വറി ഫ്ളാറ്റും ബാബയ്ക്കുണ്ട്. ശിവഭ​ഗവാന്റെ അനു​ഗ്രഹമാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്നാണ് ബാബയുടെ സാക്ഷ്യപ്പെടുത്തൽ. 
 

click me!