
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയ്ക്ക് അന്ത്യവിശ്രമമൊരുക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് തന്നെ എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം അണ്ണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും അന്ത്യ വിശ്രമമൊരുക്കിയ മറീന ബീച്ചില്‍ തന്നെ കരുണാനിധിയ്ക്കും ഇടമൊരുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ശക്തമായി ഉയര്‍ന്ന ഈ ആവശ്യത്തെ എതിര്‍ക്കാന്‍ ഒരുവിഭാഗം കൊണ്ടുവന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കളായ കാമരാജിനെയും രാജാജിയെയും മറീന ബീച്ചില്‍ സംസ്കരിക്കാന്‍ കരുണാനിധി അനുവദിച്ചിരുന്നില്ലെന്നതായിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജാജിയുടെ ചെറുമകന്‍ സി ആര്‍ കേശവന്‍.
കരുണാനിധിയുടെ നിര്‍ബന്ധ ബുദ്ധിയാണ് ഇതിന് പിന്നിലെന്ന ആരോപണം സി ആര്‍ കേശവന്‍ നിഷേധിച്ചു. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച കരുണാനിധിയുടെ ഭൗതിക ശരീരം സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ശേഷമാണ് ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദ ന്യൂസ് മിനുട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജാജിയെയും കാമരാജിനെയും സംസ്കരിച്ചത് ഗാന്ധി മണ്ഡപത്തിലാണ്. രാജാജിയുടെ ആഗ്രഹ പ്രകാരമാണ് അദ്ദേഹത്തെ ഗാന്ധിമണ്ഡപത്തില്‍ സംസ്കരിച്ചത്. കരുണാനിധിയാണ് ഗിണ്ടിയിലെ രാജാജി നിണൈവലയം സ്ഥാപിച്ചതെന്നും സി ആര്‍ കേശവന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ വക്താവും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ട്രസ്ററിയുമാണ് സി ആര്‍ കേശവന്‍. ഒരു വര്‍ഷം മുമ്പ് കരുണാനിധിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സംസാരിച്ചത് രാജാജിയെ കുറിച്ചാണ്. ''നിന്‍റെ മഹാനായ മുത്തച്ഛന്‍ പെരിയാറിനെപ്പോലെ 94ാം വയസ്സിലാണ് മരിച്ചത്. ഇരവരും കരുത്തരായിരുന്നു. ഞാന്‍ 94 ല്‍ എത്തി. ഞാന്‍ സെഞ്ച്വറി അടിക്കും'' - കരുണാനിധി അന്ന് പറഞ്ഞ വാക്കുകള്‍ സി ആര്‍ ഓര്‍ത്തു.
രണ്ട് വ്യത്യസ്ത ആശയം പുലര്‍ത്തിയിരുന്ന പാര്‍ട്ടിയിലായിരുന്നെങ്കിലും ഇരുവരും തമ്മില്‍ സൗഹൃദം നിലനിന്നിരുന്നു. രാജാജി കരുണാനിധിയെ ആശംസിക്കുന്ന പ്രശസ്തമായ ഒരു ചിത്രം ഉണ്ടായിരുന്നു. സ്വാതന്ത്ര സമരസേനാനികള്‍ക്ക് 1971 ല്‍ പ്രഖ്യാപിച്ച താമ്രപത്രം നല്‍കാന്‍ കരുണാനിധി രാജാജിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും സി ആര്‍ കേശവന്‍ പറഞ്ഞു.രാജാജിയെപ്പോലെ കാമരാജിനെയും സംസ്കരിച്ചത് ഗാന്ധി മണ്ഡപത്തിലാണ്. എന്നാല്‍ ഇത് കരുണാനിധി മറീന ബീച്ചില്‍ സംസ്കരിക്കുന്നതിനെ എതിര്‍ത്തതുകൊണ്ടല്ലെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കിയതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാമരാജ് അന്തരിച്ചത് ഗാന്ധി ജയന്തി ദിനത്തിലായിരുന്നു. അതിനാലാണ് അദ്ദേഹത്തിന് ഗാന്ധി മണ്ഡപത്തില്‍ അന്ത്യവിശ്രമമൊരുക്കിയത്. അദ്ദേഹത്തെ മറീനയില്‍ സംസ്കരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല. കരുണാനിധിയാണ് മുഴുവന്‍ സംസ്കാരചടങ്ങുകളും നടത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അന്ത്യവിശ്രമമൊരുക്കിയത് ഗാന്ധി മണ്ഡപത്തിലാണ്, ദ്രാവിഡ നേതാക്കള്‍ക്ക് മറീനയിലും. ആരോപണങ്ങള്‍ സോഷ്യല്‍മീഡിയയുടെ ഉത്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam