
മോസ്ക്കോ: റഷ്യൻ ലോകകപ്പ് അവസാനിക്കാൻ ഇനി നാല് മത്സരങ്ങൾ കൂടി മാത്രം. കിരീടമാർക്ക് എന്നതിനൊപ്പം ലോകം കാത്തിരിക്കുകയാണ് ഗോൾഡൻ ബൂട്ടിന്‍റെ പുതിയ അവകാശി ആരെന്നറിയാൻ. 6 ഗോളുമായി ഹാരി കെയ്നാണ് ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ മുന്നിൽ. 4 ഗോളുമായി റൊമേലു ലുക്കാക്കു തൊട്ടുപിന്നിലുണ്ട്.
4 കളിയില്‍ നിന്ന് 6 ഗോളുമായി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നാണ് ഗോള്‍വേട്ടയില്‍ ഇപ്പോള്‍ മുന്നിലുള്ളത്. കെയ്ന്‍റെ 6 ഗോളില്‍ മൂന്നെണ്ണത്തിന് വഴിയൊരുക്കിയത് പെനാല്‍റ്റിയാണ്.
രണ്ടാം സ്ഥാനത്ത് ബെല്‍ജിയത്തിന്‍റെ റൊമേലു ലുക്കാക്കു. 4 കളിയില്‍ നിന്ന് 4 ഗോള്‍. നാലും പെനാല്‍റ്റിയുടെ സഹായമില്ലാതെ. പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റഷ്യയുടെ ഡെനിസ് ചെറിഷേവും 4 ഗോള്‍ വീതം നേടിയിട്ടുണ്ടെങ്കിലും ഇരു ടീമും ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിക്കഴിഞ്‍ഞതിനാല്‍ ഹാരി കെയ്നെ മറികടക്കാനാകില്ല.
മൂന്ന് ഗോള്‍ വീതമുള്ള ഫ്രാന്‍സിന്‍റെ അന്‍റോയിന്‍ ഗ്രീസ്മാനും കൈലിയന്‍ എംബാപ്പെയുമാണ് ഹാരി കെയ്നെ മറികടക്കാന്‍ സാധ്യതയുള്ള മറ്റ് രണ്ട് പേര്‍. 5 കളിയില്‍ നിന്ന് 3 ഗോള്‍ നേടിയ ഗ്രീസ്മാന്‍റെ രണ്ടും പെനാല്‍റ്റിയിലൂടെയായിരുന്നു. എന്നാല്‍ എംബാപ്പെക്ക് ഒന്ന് പോലും പെനാല്‍റ്റിയിലൂടെയല്ലെന്ന സവിശേഷതയുണ്ട്.
സെമിയില്‍ കളിക്കുന്ന ബെല്‍ജിയത്തിന്‍റെ ഈഡൻ ഹസാര്‍ഡിനും ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനും രണ്ട് ഗോള്‍ വീതമുണ്ടെങ്കിലും ഇവര്‍ മുന്നിലെത്താനുള്ള സാധ്യത വിദൂരം. സെമിയിലെത്തിയ നാല് ടീമിനും ഇനി രണ്ട് മത്സരം വീതം ബാക്കി. കഴിഞ്ഞ ലോകകപ്പില്‍ 6 ഗോളുമായി കൊളംബിയയയുടെ ഹാമിഷ് റോഡ്രിഗസാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.
2002ന് ശേഷം ഒരു ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് ജേതാക്കള്‍ 6 ഗോളിലധികം നേടിയിട്ടില്ല. ഇക്കുറി ഒരു തവണ കൂടി വല കുലുക്കിയാല്‍ ഹാരി കെയ്ന് ആ റെക്കോര്‍ഡ് മറികടക്കാം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇംഗ്ലീഷ് താരമെന്ന ഗാരി ലിനേക്കറുടെ റെക്കോര്‍ഡും ഹാരി കെയ്ന് സ്വന്തമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam