മുംബൈയിൽ സിംകാര്‍ഡ് മാറ്റി തട്ടിപ്പ്: വ്യാപാരിക്ക് നഷ്ടപ്പെട്ടത് 1.86 കോടി രൂപ

By Web TeamFirst Published Jan 2, 2019, 11:10 PM IST
Highlights

കഴിഞ്ഞ മാസം 27ന് ഷായുടെ ഫോണിലേക്ക് വന്ന വിദേശ കോളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ആറ് കോളുകളാണ് ലഭിച്ചത്. ഇതിലേക്ക് തിരിച്ചുവിളിച്ചെങ്കിലും നമ്പർ നിലവിലില്ലെന്നായിരുന്നു മറുപടി ലഭിച്ചത്

മുംബൈ: സിംകാര്‍ഡ് മാറ്റിയുള്ള തട്ടിപ്പിലൂടെ മുംബൈയിൽ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 1.86 കോടി രൂപ. മുംബൈയിലെ മാഹിം സ്വദേശിയായ വി.ഷായ്ക്കാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. സിം കാർഡ് ഉപയോഗിച്ചുള്ള ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണിതെന്ന് മുംബൈ പൊലീസിന്റെ ഹൈടെക്ക് സെൽ പറഞ്ഞു

കഴിഞ്ഞ മാസം 27ന് ഷായുടെ ഫോണിലേക്ക് വന്ന വിദേശ കോളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ആറ് കോളുകളാണ് ലഭിച്ചത്. ഇതിലേക്ക് തിരിച്ചുവിളിച്ചെങ്കിലും നമ്പർ നിലവിലില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. തുടർന്ന് സിം കാർഡിൽ നിന്ന് സേവനങ്ങൾ റദ്ദാകുകയും ചെയ്തു. പിന്നീട് മൊബൈല്‍ സേവനദാതാവുമായി ബന്ധപ്പെട്ടപ്പോള്‍ സിം കാര്‍ഡ് ഷായുടെ ആവിശ്യപ്രകാരം ഡീആക്ടിവേറ്റ് ചെയ്തതായി വിവരം ലഭിച്ചു. 

സംശയം തോന്നിയ ഷാ ബാങ്ക് ആക്കൗണ്ട് പരിശോധിച്ചതോടെയാണ് 1.86 കോടി രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. ഫോണുമായി ലിങ്ക് ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്.ഇതോടെ ബാങ്കിനും പൊലീസിനും പരാതി നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 14 അക്കൗണ്ടുകളിലേക്ക് 28 തവണയിട്ടാണ് തുക പിന്‍വലിച്ചിരിക്കുന്നത്. 

ഷായുടെ സിം കാർഡിന്റെ വ്യാജപതിപ്പ് ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസും കണ്ടെത്തുന്നതെയൊള്ളു. ബാങ്കിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ തിരിച്ചെടുക്കാനായി. ബാക്കിയുള്ള തുക നഷ്ടപ്പെട്ട അവസ്ഥയാണ്. 

click me!