
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയന്‍റെ നേതൃത്വത്തിൽ ദില്ലിയിലേക്ക് നടന്ന കർഷക സമരം കണക്കിലെടുത്ത് സമരനേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ചർച്ച പരാജയം. കര്‍ഷകര്‍ മുന്നോട്ടുവെച്ച ഒമ്പത് ആവശ്യങ്ങളിൽ ഏഴെണ്ണാം അംഗീകരിക്കാമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചെങ്കിലും സമരക്കാര്‍ അത് തള്ളുകയായിരുന്നു. കർഷകർ രാത്രിയും സമരം തുടരാനാണ് തീരുമാനം. അതേസമയം കര്‍ഷക മാര്‍ച്ചിൽ വലിയ തോതില്‍ സംഘര്‍ഷമുണ്ടായി. ദില്ലി - യുപി അതിര്‍ത്തിയിൽ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഗ്രനേഡും, കണ്ണീര്‍ വാതകവും കൊണ്ടാണ് കര്‍ഷകരെ പൊലീസ് നേരിട്ടത്. സമരക്കാരെത്തിയ ട്രാക്ടറുകളുടെ ടയറിലെ കാറ്റഴിച്ചുവിട്ട് ദില്ലിയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും നടത്തി. നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. സമരവും സംഘർഷവും രാഷ്ട്രീയമായി ഉന്നയിക്കാനും ഏറ്റെടുക്കാനും ഒരുങ്ങുകയാണ് പ്രതിപക്ഷപാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധിയും മായാവതിയും സീതാറാം യെച്ചൂരിയും, അരവിന്ദ് കെജ്‍രിവാളും, അഖിലേഷ് യാദവും രംഗത്തെത്തി. കര്‍ഷകരെ തല്ലിച്ചതച്ചാണ് ഗാന്ധി ജയന്തി ദിനം നരേന്ദ്രമോദി ആഘോഷിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
സങ്കടം പറയാൻ പോലും കര്‍ഷകരെ മോദി സര്‍ക്കാര്‍ ദില്ലിയിലേക്ക് കയറ്റുന്നില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. മോദിയ്ക്ക് അധികാരത്തിന്‍റെ മത്ത് പിടിച്ചുവെന്നായിരുന്നു മായാവതിയുടെ പക്ഷം. കർഷകരെ പണ്ട് മുതലെടുത്തവരാണ് ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നതെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മറുപടി.കാര്‍ഷിക ഉത്പന്നങ്ങൾക്ക് ന്യായവില നൽകുക, കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കുക, ട്രാക്റ്ററുകൾക്ക് മേൽ ചുമത്തിയ ജിഎസ്ടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കര്‍ഷക മാര്‍ച്ച്. ഹരിദ്വാറിൽ നിന്ന് ഒരാഴ്ച മുമ്പാണ് കര്‍ഷക മാര്‍ച്ച് തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam