
ദില്ലി: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നതിനെകുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിന്‍റെ ചുവടുപിടിച്ചാണ് നീക്കം. സബ്സിഡി തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു.
ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് 2022 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന 2012 ലെ സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‍റെ നീക്കം. സബ്‌സിഡി ഒഴിവാക്കിയാലും കുറഞ്ഞ ചിലവില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പോകാന്‍ കഴിയുമോ എന്ന കാര്യം ആറംഗസമിതി പരിശോധിക്കും. സബ്സിഡി നല്‍കുന്നതുകൊണ്ടുള്ള പ്രയോജനം സബ്സിഡി പിന്‍വലിച്ചാലുള്ള പ്രത്യാഘാതം തുടങ്ങിയവ സമിതി പരിശോധിക്കും.
രാഷ്‌ട്രീയപ്പാര്‍ട്ടികളോടും സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയ ശേഷം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പുന:സ്ഥാപിച്ചതിന് പിന്നാലെയാണ് സബ്സിഡി നിര്‍ത്തലാക്കുന്നതിനെകുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സബ്സിഡി നിര്‍ത്താലാക്കണമെന്നാവശ്യപ്പെട്ട മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി സബ്സിഡി പണം മുസ്ലിം പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
വര്‍ഷംതോറും സബ്സിഡിയ്‌ക്കായി ചെലവഴിക്കുന്ന 450 കോടി രൂപ വിമാനക്കമ്പനികള്‍ക്ക് മാത്രമാണ് പ്രയോജനം. കുറഞ്ഞ നിരക്കില്‍ ഹജ്ജ് യാത്രയ്‌ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നും അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam