
തിരുവനന്തപുരം: മാസപ്പടി കേസിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷഓൺ ജോർജ്. അന്വേഷണം സ്റ്റേ ചെയ്തത് ദൗർഭാഗ്യകരമായ സംഭവമെന്ന് ഷോൺ ജോർജ്ജ് ചൂണ്ടിക്കാട്ടി. വിധിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ഷോൺ ആരോപിച്ചു. പിണറായി വിജയനെയും മകൾ വീണയേയും മുഹമ്മദ് റിയാസിനെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഏറ്റവും ദൗർഭാഗ്യകരമായത് സംസ്ഥാന സർക്കാരിന്റെ നിലപാടാണ്. ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാം എടുക്കാതിരിക്കാം. സംസ്ഥാന സർക്കാർ കേസെടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. സംസ്ഥാന സർക്കാർ ചെയ്തുകൊടുത്ത ഒത്താശയാണ് കേസിനെ ഇവിടം വരെ എത്തിച്ചത്. എഫ് ഐ ആർ ഇട്ടതിനുശേഷം വിജിലൻസ് എന്ത് അന്വേഷണം നടത്തിയെന്നും ഷോൺ ജോർജ് ചോദിച്ചു. വിജിലൻസ് ഒരു നടപടിയും എടുത്തിട്ടില്ല.
പിണറായി വിജയൻ നിരപരാധിയാണെന്നോ മാസപ്പടി വാങ്ങിയിട്ടില്ലെന്നോ ഡിവിഷൻ ബെഞ്ച് പറഞ്ഞിട്ടില്ല. പാലിക്കപ്പെടേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന സംശയമുള്ളതിനാൽ അന്വേഷണത്തിന് താൽക്കാലിക സ്റ്റേ മാത്രമാണ്. പിണറായി വിജയൻ നിരപരാധിയാണെന്ന് ഹൈക്കോടതി പറഞ്ഞുവെന്ന പ്രചാരണം നടക്കുന്നുണ്ടെന്നും ഷോൺ ചൂണ്ടിക്കാട്ടി. പിഎംഎൽഎ ആക്റ്റ് പ്രകാരമുള്ള കുറ്റകൃത്യം നടന്നുവെന്ന് എസ്എഫ്ഐഒയുടെ റിപ്പോർട്ടിലുണ്ട്. നടപടികൾ പാലിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രമാണ് സ്റ്റേ ഉണ്ടായത്.
പിണറായി വിജയൻ എങ്ങനെ പ്രതിയാകുമെന്നതിന് നാല് കാരണങ്ങളുണ്ട്. വീണ പണം പറ്റിയ കാലഘട്ടത്തിൽ പരിസ്ഥിതി വകുപ്പിന്റെ മന്ത്രിയായിരുന്നു പിണറായി വിജയൻ. പരിസ്ഥിതി വകുപ്പിന്റെ 20ലധികം പരാതികൾ സർക്കാരിന്റെ പരിധിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയത്. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകൾ കരാർ ഒപ്പിടുന്നത് തെറ്റാണ്. അഴിമതി നിരോധിത നിയമപ്രകാരവും പിണറായി വിജയൻ കുറ്റക്കാരനാണ്. സുപ്രീംകോടതി അടക്കമുള്ള എല്ലാ കോടതികളിലും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഷോൺ പറഞ്ഞു. പിണറായി വിജയന്റെ അഴിമതിക്ക് കുടപിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് വിമർശിച്ച ഷോൺ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam