സൗമ്യവധക്കേസില്‍ വധശിക്ഷ റദ്ദാക്കി; ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം

By Web DeskFirst Published Sep 15, 2016, 4:33 PM IST
Highlights

ജസ്റ്റിസ് രഞ്ജന്‍ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കുന്നതായും വധശിക്ഷയ്ക്കുള്ള മുന്നൂറ്റി രണ്ടാം വകുപ്പ് മുന്നൂറ്റിയിരുപത്തിയഞ്ചാം വകുപ്പായി മാറ്റി ഏഴുവര്‍ഷം ശിക്ഷ നല്‍കുന്നുവെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം ബലാല്‍സംഗത്തിന് നല്‍കിയ ജീവപര്യന്തം ശിക്ഷ സംബന്ധിച്ച വിധി പ്രസ്താവത്തിലെ ഭാഗം വ്യക്തമായി കേള്‍ക്കാന്‍ കോടതി മുറിയിലെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാധിച്ചില്ല. പിന്നീട് കോടതിയുടെ അനുമതിയോടെ വിധിപകര്‍പ്പ് വായിച്ച സര്‍ക്കാര്‍ അഭിഭാഷകര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ മാധ്യമങ്ങളും ഗോവിന്ദച്ചാമിക്ക് ഏഴുവര്‍ഷം ശിക്ഷ എന്ന റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വൈകീട്ടോടെ കോടതിയുടെ വിധിയുടെ പകര്‍പ്പ് പുറത്തുവന്നതോടെ ഗോവിന്ദച്ചാമിക്ക് ഏഴുവര്‍ഷം ശിക്ഷയല്ല, ജീവപര്യന്തം ശിക്ഷയാണെന്ന് വ്യക്തമായി.

മുന്നൂറ്റി എഴുപത്തിയാറാം വകുപ്പ് പ്രകാരം ബലാല്‍സംഗത്തിന് കീഴ്‌ക്കോടതികള്‍ നല്‍കിയ ജീവപര്യന്തം ശിക്ഷ അതേപോലെ ശരിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്. കൂടാതെ മോഷണത്തിനും അതിനായി വരുത്തിയ ക്രൂരതക്കുമായി 394, 397 വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയും, അധിക്രമിച്ച് ട്രെയിനില്‍ പ്രവേശിച്ചതിനുള്ള നാന്നൂറ്റിനാല്‍പ്പത്തിയേഴാം വകുപ്പ് പ്രകാരം നല്‍കിയ ശിക്ഷയും നിലനില്‍ക്കുന്നതാണെന്നും കോടതി വിധിച്ചു. ജീവപര്യന്തം ശിക്ഷ എന്നാല്‍ ജീവിതാവസാനം വരെയുള്ള ശിക്ഷയാണെന്ന് സമീപകാലത്ത് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗോവിന്ദച്ചാമിക്ക് ജീവിതാവസാനം വരെ ജയിലില്‍ കഴിയേണ്ടിവരും. സൗമ്യയെ അതിക്രൂരമായാണ് ഗോവിന്ദച്ചാമി ബലാല്‍സംഗത്തിന് ഇരയാക്കിയത് എന്ന് കോടതി വ്യക്തമാക്കി. കൊലപതാകം തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി അതിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച തെളിവുകളും സാക്ഷിമൊഴികളും വിശ്വാസയോഗ്യമല്ലെന്നും കണ്ടെത്തി. തുടര്‍ന്നാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ ഒഴിവാക്കിയത്. ഏഴുവര്‍ഷം ശിക്ഷ എന്ന ആദ്യ റിപ്പോര്‍ട്ടികള്‍ തള്ളി ജീവപര്യന്തം ശിക്ഷയാണെന്ന വിധി പകര്‍പ്പിലെ വിവരങ്ങള്‍ പുറത്തുവന്നത് സംസ്ഥാന സര്‍ക്കാരിന് അല്പം ആശ്വാസമായെങ്കിലും ആശ്വാസമായി. പക്ഷെ. കൊലപാതകം തെളിയിക്കാനാകാതെ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത് സര്‍ക്കാരിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.

click me!