നോട്ട് പിന്‍വലിച്ചത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമെന്ന് റിസര്‍വ് ബാങ്ക്

By Web DeskFirst Published Jan 10, 2017, 6:57 AM IST
Highlights

ദില്ലി: സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. റിസര്‍വ് ബാങ്ക് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധവമായ വിശദീകരണമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാഡിംഗ് കമ്മിറ്റിക്ക് നല്‍കിയത്.

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന കള്ളനോട്ടും കള്ളപ്പണവും തടയുന്നതിന് വലിയ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് നവംബര്‍ ഏഴിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ എട്ടിന് അടിയന്തരയോഗം ചേര്‍ന്ന് നോട്ട് അസാധുവാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കോണ്‍ഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി ചെയര്‍മാനായ സമിതിയെ അറിയിച്ചു.

10,000ത്തിന്റെയും 5000ത്തിന്റെയും നോട്ടുകള്‍ പുറത്തിറക്കണമെന്ന് 2014 ഒക്ടോബര്‍ ഏഴിന് റിസര്‍വ് ബാങ്ക് ശുപാര്‍ശ ചെയ്തിരുന്നു. 2000 രൂപയുടെ നോട്ട് ഇറക്കണമെന്ന് കഴിഞ്ഞ വര്‍ഷം മെയ് 18നും ശുപാ‌ര്‍ശ ചെയ്തു. ഇതിന് ജൂണ്‍ എഴിന് അനുമതി നല്‍കിയെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

ഈ മാസം 20ന് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കെയാണ് മറ്റൊരു കമ്മിറ്റിക്ക് മുന്നില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുന്നോട്ട് പോയതെന്ന് ഊര്‍ജ്ജിത് പട്ടേല്‍ വിശദീകരിച്ചത്. ഇതിനിടെ നോട്ട് അസാധുവാക്കലിനെതിരെ നാളെ ദില്ലിയില്‍ പ്രതിഷേധറാലി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

click me!