സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചതു പോലെ രാമക്ഷേത്രം പുനര്‍നിര്‍മിക്കണം: മന്‍മോഹന്‍ വൈദ്യ

By Web TeamFirst Published Nov 1, 2018, 2:19 PM IST
Highlights

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഓഡിനന്‍സ് കൊണ്ടുവരണമെന്നും രാമക്ഷേത്ര നിര്‍മാണം രാജ്യാഭിമാനത്തിന്റെ കാര്യമാണെന്നും വൈദ്യ

താനെ: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചതു പോലെ കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഓഡിനന്‍സ് കൊണ്ടുവരണമെന്നും രാമക്ഷേത്ര നിര്‍മാണം രാജ്യാഭിമാനത്തിന്റെ കാര്യമാണെന്നും വൈദ്യ പറഞ്ഞു.  

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് 1994 ൽ കോൺഗ്രസ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ വാഗ്ദാനം കേന്ദ്ര സർക്കാർ പാലിക്കണം. ബാബറി മസ്ജിദ് നിർമ്മിച്ചത് നിലവിലുള്ള ക്ഷേത്രം തകർത്തിട്ടാണെന്നതിന് തെളിവുണ്ടെങ്കിൽ ഹിന്ദു സമൂഹത്തോടൊപ്പം ക്ഷേത്രനിർമാണത്തിന് നിലകൊള്ളുമെന്ന സത്യവാങ്മൂലമാണ് അന്നത്തെ കോൺഗ്രസ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയത്. 

ഇതിനു തെളിവുകൾ ഉണ്ടെന്നും മന്‍മോഹന്‍ വൈദ്യ  അവകാശപ്പെട്ടു. താനെയില്‍ ആര്‍എസ്എസിന്റെ അഖില ഭാരതീയ കാര്യകര്‍ണി മണ്ഡലില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു വൈദ്യ. രാമക്ഷേത്രത്തിനായി നിയമനിര്‍മാണം നടത്തണമെന്ന് നേരത്തേ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ആവശ്യമുന്നയിച്ചിരുന്നു. ഒക്ടോബര്‍ 18ന് നാഗ്പൂരില്‍ ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഭാഗവത് ഇക്കാര്യം ആവശ്യപ്പെട്ടത്. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ഇതേ ആവശ്യവുമായി രംഗത്തുവന്നിരുന്നു

click me!