കെഎസ്ആര്‍ടിസിയെ മൂന്നുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കുമെന്ന് ധനമന്ത്രി

By Web DeskFirst Published Jan 24, 2017, 7:22 AM IST
Highlights

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മൂന്നു വര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കാന്‍ സമഗ്രപാക്കേജുമായി സര്‍ക്കാര്‍. 10000 രൂപക്ക് താഴെ വരുമാനമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തും. സര്‍ക്കാര്‍ നല്‍കിയ വായ്പകള്‍ എഴുതിത്തള്ളും. മാനേജുമെന്റിലും ജീവനക്കാരുടെ ജോലി ക്രമത്തിലും കാതലായ അഴിച്ചുപണിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സിഐടിയു സംഘടിപ്പിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്‌പെഷ്യല്‍ കണ്‍വന്‍ഷനിലായിരുന്നു പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആറുമാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി സ്വയംപര്യാപ്‌തമാകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന് സര്‍ക്കാരിന്റെ സഹായം ഉണ്ടാകും. എല്ലാക്കാലവും സര്‍ക്കാര്‍ സഹായവും വായ്പയുമെടുത്ത് മുന്നോട്ടുപോകാനില്ലെന്ന് ധനമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയുമായി മത്സരിക്കാന്‍ മാനേജുമെന്റില്‍ സമഗ്ര അഴിച്ചുപണിയുണ്ടാകും. മേല്‍ത്തട്ടിലുള്ള താക്കോല്‍ സ്ഥാനങ്ങളില്‍ നേരിട്ടുള്ള നിയമം നടത്തും. ജീവനക്കാരുടെ ഡ്യൂട്ടി സമ്പ്രദായത്തിലും ബസ്സുകളുടെ സമക്രമത്തിലും മാറ്റമുണ്ടാകും. വായ്‌പയെടുത്ത് നിര്‍മ്മിച്ചിട്ടും ഇപ്പോഴും ഉപയോഗിക്കാതെ കിടിക്കുന്ന കെട്ടിടങ്ങളെ കാര്യത്തിലും തീരുമാനമുണ്ടാകും. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കും. 10000 രൂപയില്‍ താഴെയുള്ള റൂട്ടുകള്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നുവര്‍ഷത്തിനുള്ളില്‍ 1000 സിഎന്‍ജി ബസ്സുകള്‍ കിഫ്ബി വഴി വാങ്ങി നല്‍കും. സര്‍ക്കാര്‍ വായ്പകളെല്ലാം എഴുതി തള്ളും. ബസ്സുകളില്‍ ജിപിഎസ് ഘടിപ്പിക്കാനും വര്‍ക്ക് ഷോപ്പുകള്‍ നവീകരിക്കാനും സര്‍ക്കാര്‍ സഹായം നല്‍കും. പത്തുവര്‍ഷം, കഴിഞ്ഞ ബസ്സുകള്‍ റദ്ദാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജീവനക്കാരുടെ പുനര്‍വിന്യാസം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മാനേജ്മെന്റ് തീരുമാനിക്കമെന്നും തോമസ് ഐസക്ക് പറഞ്ഞു. കെഎസ്ആര്‍ടിസിയെ കുറിച്ച് പഠിച്ച സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പാക്കേജാണ് സിഐടിയു സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ ധമന്ത്രി അവതരിപ്പിച്ചത്.

click me!