
ഗുജറാത്ത്: ഓൺലൈൻ ഗെയിമായ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതർക്ക് സർക്കുലർ നൽകി ഗുജറാത്ത് സർക്കാർ. പ്ലെയർ അൺനോൺഡ് ബാറ്റിൽ ഗ്രൗണ്ട് എന്ന ഗെയിമിന്റെ ചുരുക്കപ്പേരാണ് പബ്ജി. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ഈ ഗെയിമിന് വൻ പ്രചാരമാണുള്ളത്. സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്കൂളുകളിൽ ഈ ഗെയിം പൂർണ്ണമായി നിരോധിക്കാനാണ് സർക്കുലറിന്റെ ഉള്ളടക്കം.
പഠനത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്നും കുട്ടികളെ ഈ ഗെയിം അടിമയാക്കി വച്ചിരിക്കുകയാണെന്നും നിരോധനത്തിന് കാരണമായി സർക്കാർ പറയുന്നു. ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയർപേഴ്സണായ ജാഗ്രിതി പാണ്ഡ്യ രാജ്യവ്യാപകമായി ഈ ഓൺലൈൻ ഗെയിം നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. എല്ലാം സംസ്ഥാനങ്ങളിലേക്കും ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ വെളിപ്പെടുത്തി.
കുട്ടികൾ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വയ്ക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരിൽ വിദ്യാർത്ഥി സംഘടന പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. അതുപോലെ ദില്ലിയിൽ പത്തൊമ്പത് വയസ്സുള്ള സൂരജ് എന്ന വിദ്യാർത്ഥി അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് പിന്നിലെ വില്ലനും പബ്ജി ഗെയിമായിരുന്നു. സ്കൂളിൽ പോകാതെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണിവരെ സ്ഥിരമായി കൂട്ടുകാരുമൊത്ത് സൂരജ് പബ്ജി കളിക്കുമായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam