സമരം വിജയം: ഗുജ്ജർ സംവരണ പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കും

By Web TeamFirst Published Feb 16, 2019, 1:10 PM IST
Highlights

ട്രെയിൻ തടയൽ അടക്കമുള്ള സമര പരിപാടികളിലൂടെ ഗുജ്ജറുകൾ പ്രക്ഷോഭം ശക്തമാക്കിയതോടെ അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള  ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയിരുന്നു.

ജയ്‍പൂർ: ദിവസങ്ങളായി തു‍ടർന്നു വന്ന ഗുജ്ജർ സംവരണ പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കുമെന്ന് നേതാവ് കിരോരി സിങ് ബൈൻസ്ല. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജ്ജറുകൾ സമരം തുടങ്ങിയത്.

ട്രെയിൻ തടയൽ അടക്കമുള്ള സമര പരിപാടികളിലൂടെ ഗുജ്ജറുകൾ പ്രക്ഷോഭം ശക്തമാക്കിയതോടെ അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള  ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയിരുന്നു. എന്നാൽ ബിൽ നിയമക്കുരുക്കിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും സാങ്കേതിക തടസ്സങ്ങളാൽ ബിൽ യാഥാർത്ഥ്യമാകാതിരിക്കരുതെന്നും ആവശ്യപ്പെട്ട് ഗുജ്ജറുകൾ പ്രക്ഷോഭം തുടരുകയായിരുന്നു.

ഗുജ്ജർ നേതാവ് കിരോരി സിങ് ബൈൻസ്ലയുടെ നേതൃത്വത്തിൽ അഞ്ച് പിന്നോക്ക വിഭാഗ സമുദായാങ്ങളിലെ അംഗങ്ങളാണ് സംവരണ പ്രക്ഷോഭത്തിനിറങ്ങിയത്. അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയിൽ ഇവർക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി  ഉയർത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

സമരത്തെ തുടർന്ന് സംവരണം അനുവദിച്ചുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കിയെങ്കിലും ഇത് നടപ്പിലാവാൻ ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി. 50 ശതമാനം സംവരണമെന്ന സുപ്രീംകോടതി നിശ്ചയിച്ച പരിധി കടക്കുന്ന പശ്ചാത്തലത്തിൽ ആണ് രാജസ്ഥാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കുന്നത്. 
 

click me!