വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിന്‍റേയും കുട്ടിയുടെയും പിതാവിന്‍റേയും മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു.

റാഞ്ചി: മന്ത്രവാദിയാണെന്ന് ആരോപിച്ച് യുവതിയേയും നവജാതശിശുവിനെയും നാട്ടുകാർ ജീവനോടെ കത്തിച്ചു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. 32 വയസ്സുകാരിയായ ജ്യോതി സിങ്കുവും രണ്ട് മാസം പ്രായമുള്ള മകനുമാണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കുമാർദുങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ജ്യോതിയുടെ ഭർത്താവ് കോൽഹൻ സിങ്കു (40)വിനും പൊള്ളലേറ്റ് പരിക്കേറ്റെങ്കിലും ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജ്യോതി സിങ്കു മന്ത്രവാദിയാണെന്നും മന്ത്രവാദ ക്രിയകൾ ചെയ്യാറുണ്ടെന്നും സംശയിച്ചാണ് നാട്ടുകാർ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിന്‍റേയും കുട്ടിയുടെയും പിതാവിന്‍റേയും മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ കോൽഹൻ സിങ്കുവിന് ഗുരുതരമായി പൊള്ളലേറ്റു. അക്രമികളിൽ നിന്നും ഓടി രക്ഷപ്പെട്ട കൊൽഹൻ സിങ്കു ഒരു ബന്ധുവിന്‍റെ വീട്ടിൽ അഭയം തേടി. പിറ്റേന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമാണ്.

കേസിൽ നേരിട്ട് ബന്ധപ്പെട്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ഗൂഡാലോചന നടത്തിയ പന്ത്രണ്ടോളം പേർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒരു സ്ത്രീയടക്കം കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ തിരിച്ചറിയാനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.