
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരലക്ഷം രൂപ സംഭാവന ചെയ്ത് ഹനാൻ. തനിക്കൊരു പ്രശ്നം വന്നപ്പോൾ എല്ലാവരും കൂടി നൽകിയ പണമാണിതെന്ന് ഹനാൻ പറയുന്നു. ''എന്നെക്കുറിച്ചുള്ള വാർത്ത വന്ന സമയത്ത് ഞാനറിയാത്ത, കേട്ടിട്ടില്ലാത്ത ഒരുപാട് പേർ എന്നെ സഹായിക്കാനായി മുന്നോട്ട് വന്നു. 'പലതുള്ളി പെരുവെള്ളം' എന്ന രീതിയിലാണ് എന്റെ അക്കൗണ്ടിലേക്ക് പണം വന്നത്. ആദ്യദിവസം എന്റെ അക്കൗണ്ടിലേക്ക് നൂറ് രൂപ വരെ ഇട്ട് തന്ന് സഹായിച്ചവരുണ്ട്. ആ സമയത്ത് എല്ലാവരും എന്നെ സഹായിക്കാൻ മുന്നോട്ട് വന്നു. എന്റെ നാടിനൊരു പ്രശ്നം വരുമ്പോൾ ഞാനും സഹായിക്കണ്ടേ? രണ്ടാമത്തെ ദിവസമാണ് എനിക്ക് ഒന്നരലക്ഷം രൂപ കിട്ടിയത്. അത് ഞാൻ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നു.- ഹനാൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
കോതമംഗലത്ത് ഹോസ്പിറ്റലിലാണ് ഹനാൻ ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചെക്ക് കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഹനാൻ പറഞ്ഞു. അതിജീവനം കൊണ്ട് ശ്രദ്ധേയയായ പെൺകുട്ടിയായിരുന്നു ഹനാൻ. തനിക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്തു എന്ന സന്തോഷവും ഹനാൻ ഏഷ്യാനെറ്റിനോട് പങ്കുവച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam