
തിരുവനന്തപുരം: 'കടലിനെ പേടിയില്ല' അവർക്ക് പിന്നെയാണ് പുഴ. പ്രളയമേഖലയിലേക്ക് വളളങ്ങളുമായി പോകുന്നവരെക്കുറിച്ചുള്ള ഫേസ്ബുക്ക് വരികളാണിത്. ഇതുപൊലൊരു ദുരന്ത നിമിഷങ്ങളിലൂടെ അവരും കടന്നു പോയിട്ടുണ്ട്. കടലിൽ പോയ ഉറ്റവർക്കും ഉടയവർക്കും എന്ത് സംഭവിച്ചു എന്നറിയാതെ ഇവരും പകച്ചു നിന്നിട്ടുണ്ട്. ഉടുതുണിയും കൈക്കുഞ്ഞുങ്ങളുമായി ജീവൻ വാരിപ്പിടിച്ച് സഹായത്തിനായി കേണപേക്ഷിച്ചിട്ടുണ്ട്. ഓഖി കൊടുങ്കാറ്റ് കേരളത്തിലെ തീരപ്രദേശങ്ങളെ തുടച്ചെടുത്ത് കടലിലെറിഞ്ഞപ്പോൾ കരയിലുള്ളവരാണ് അവരോട് -ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞത്. ഇന്ന് കാറ്റ് മാറിവീശുകയാണ്. പ്രളയം കുതിച്ചെത്തുന്നിടത്തെല്ലാം രക്ഷകരായി തങ്ങളുടെ വള്ളങ്ങളുമായി കടലിന്റെ മക്കളാണ് മുന്നിലുള്ളത്. അവർ ഒരേ സ്വരത്തിൽ പറയുന്നു, 'അവർക്ക് നമ്മളുണ്ട്.'
കടലിൽ പോകുന്ന വള്ളങ്ങളുമായി തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഓഖി ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളാണ് വിഴിഞ്ഞവും പൂന്തുറയും അഞ്ചുതെങ്ങും. അന്ന് നഷ്ടപ്പെട്ടവയെല്ലാം അവർ തിരിച്ചു പിടിച്ചു തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് കരയിലെ പ്രളയ ദുരിതത്തെക്കുറിച്ച് ഇവരറിയുന്നത്. ഇന്നലെ എട്ടുമണിയോട് കൂടിയാണ് തീരപ്രദേശങ്ങളിൽ നിന്ന് പത്തനംതിട്ട, ആലപ്പുഴ, ആലുവ എന്നിവിടങ്ങളിലേക്ക് വള്ളങ്ങൾ പുറപ്പെട്ട് തുടങ്ങിയത്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു ഇവരുടെ നീക്കം.
വിഴിഞ്ഞം, പൂന്തുറ, വലിയതുറ, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ ഇടവകയുടെ മേൽനോട്ടത്തിലാണ് തിരുവനന്തപുരം ജില്ലയിൽ നിന്ന് വള്ളങ്ങളും മത്സ്യത്തൊഴിലാളികളും പുറപ്പെട്ടിരിക്കുന്നത്. ഏകദേശം ഇരുപത്തിയാറ് വള്ളങ്ങൾ ഇന്നലെ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരന്തബാധിത മേഖലകളിലാണ് ഇവർ എത്തിയിരിക്കുന്നത്. ഒരു വളളത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ എന്ന നിലയിലാണ് പോയിരിക്കുന്നത്. അവിടെയെത്തിയതിന് ശേഷം രണ്ട് പൊലീസുകാരുൾപ്പെടെ ഒരു വളളത്തിൽ അഞ്ചു പേരാണ് ഓരോ സ്ഥലത്തും പോകുന്നത്. ഇത്തരത്തിൽ പലയിടങ്ങളിൽ നിന്നായി ഏകദേശം നൂറോളം വള്ളങ്ങൾ ഇങ്ങനെ പോയിട്ടുണ്ടെന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു.
എറണാകുളം ജില്ലയിലെ വൈപ്പിൻ, ചെല്ലാനം ഭാഗങ്ങളിൽ നിന്നാണ് ആലുവ, കടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് വള്ളങ്ങൾ പുറപ്പെട്ടിരിക്കുന്നത്. ബോട്ടിൽ ആവശ്യമായ ഡീസൽ നൽകുന്നത് സർക്കാരായിരിക്കും. ദുരന്തമുഖത്ത് എവിടെയായിരുന്നാലും തങ്ങളുടെ സേവനം ഏത് സമയത്തും ആവശ്യപ്പെടാമെന്ന ദേവാലയ അധികൃതരും മത്സ്യത്തൊഴിലാളികളും ഒരേ സ്വരത്തിൽ പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വള്ളങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരായി രംഗത്തിറങ്ങും.
നീന്തലറിയാവുന്ന വിദഗ്ധരായ മത്സ്യത്തൊഴിലാളികളാണ് ഇവിടേക്ക് പുറപ്പെട്ടിരിക്കുന്നത്. കടലിൽ പോകുമ്പോൾ ഉപയോഗിക്കുന്ന വയർലെസ്സ് സെറ്റും കടലിൽ ഉപയോഗിക്കുന്ന ടോർച്ചും ഇവരുടെ പക്കലുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സാഹായിക്കുമെന്ന് ഇവർക്ക് പ്രതീക്ഷയുണ്ട്. വള്ളങ്ങൾ കൊണ്ടുപോകാനുള്ള ലോറിയുടെ കുറവാണ് ഇവർ നേരിടുന്ന പ്രതിസന്ധി. ഇനിയും ധാരാളം പേർ രക്ഷാപ്രവർത്തനത്തിനായി പോകാൻ തയ്യാറായി നിൽക്കുന്നുണ്ട്.
ഓഖി ദുരന്തത്തെ അതിജീവിച്ചവരാണിവർ. അതുകൊണ്ട് തന്നെ ഈ പ്രളയത്തിൽ തങ്ങൾക്ക് കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം ഇവർ പ്രകടിപ്പിക്കുന്നുണ്ട്. ഊണും ഉറക്കവും കളഞ്ഞ്, മഴ നനഞ്ഞ് നൂറ് കണക്കിന് ആളുകളാണ് വള്ളങ്ങള്‍ ലോറിയില്‍ കയറ്റി അയയ്ക്കാന്‍ സഹായിക്കുന്നത്. സഹജീവികളെ സഹായിക്കാന്‍ കിട്ടിയ അവസരമാണിതെന്ന് അവര്‍ പറയുന്നു, ഞങ്ങള്‍ക്ക് ഒന്നും വേണ്ട, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി'.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam