
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശുചീകരണ സാമഗ്രികള്‍ വിവിധ ജില്ലകളിലെ പ്രളയ മേഖലകളിലേയ്ക്ക് അയച്ചു. 202 സംഘടനകളും 2000ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു ഹരിത കേരളം എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്‍ത ശുചീകരണ സാമഗ്രികളുമായി ഒരു ലോറി കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് സ്‌പെന്‍സര്‍ ജംഗ്ഷനില്‍ ഡോ.ടി എന്‍ സീമ ലോറി ഫ്ലാഗ് ഓഫ് ചെയ്‍തു. വീടുകളിലും സ്ഥാപനങ്ങളിലും കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പെന്ററി അടക്കമുള്ള ജോലികള്‍ക്കുമായി വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐ കളിലെ 3000ല്‍ അധികം ട്രെയിനികളെയും ഇന്‍സ്ട്രക്ടര്‍മാരെയും വിവിധ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെത്തിച്ചു. തൊഴിലും നൈപുണ്യവും വകുപ്പുമായി സഹകരിച്ചാണിത്.
വീടുകളില്‍ നിന്ന് ചെളി കലര്‍ന്ന മാലിന്യം നീക്കംചെയ്യാനായി റെയ്‍ഡോകോയില്‍ നിന്നു വാങ്ങി നല്‍കിയ 50 ഹൈ പ്രഷര്‍ വാട്ടര്‍ പമ്പുകള്‍ വിവിധ ഇടങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി. ഓഗസ്റ്റ് 24ന് ടെക്‌നോപാര്‍ക്ക്, സെക്രട്ടേറിയറ്റ്, ബ്രഹ്മോസ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ 20 ഓളം സംഘങ്ങളിലായി 1000ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ് ചട്ടി, റബ്ബര്‍കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, ലോഷന്‍, പ്രഥമശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ ഇനിയും ആവശ്യമാണ്. ഇത് എത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹരിതകേരളം മിഷന്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ സംവിധാനം www.haritham.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇപ്പോഴും സജ്ജമാണ്. 04712449939, 9188120320, 9188120316 എന്നീ നമ്പറുകളിലും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരെ അവരവരുടെ താല്‍പ്പര്യാര്‍ത്ഥമുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായിരിക്കും ശുചീകരണ പ്രവര്‍ത്തനത്തിന് നിയോഗിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam