
കൊല്ലം: ഹൈക്കോടതി ഉത്തരവ് മറി കടന്ന് കൊല്ലം തെൻമലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷൻ റബ്ബര്‍ മരങ്ങള്‍ രഹസ്യമായി മുറിച്ച് കടത്തി. ഹാരിസണ്‍ ഈസ്റ്റ്ഫീല്ഡ് ഡിവിഷനില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന 150 മരങ്ങളാണ് മുറിച്ചത്. നാട്ടുകാര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കികയിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
തെൻമല വനമേഖലയോട് അടുത്ത് കിടക്കുന്ന ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രിയിലാണ് റബ്ബര്‍ മരങ്ങള്‍ മുറിച്ചത്. മരങ്ങള്‍ അപ്പോള്‍ തന്നെ ഇവിടെ നിന്നും കടത്തി. വിലക്കുണ്ടെങ്കിലും പ്ലാന്റേഷൻ അധികൃതര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കാറുണ്ടെന്ന് നാട്ടുകാരും സമ്മതിക്കുന്നു.
ഹാരിസൺ മലയാളം പ്ലാന്റേഷൻ കമ്പനി കൃഷി ചെയ്തു വരുന്ന തോട്ടങ്ങളിലെ റബർ മരങ്ങൾ മുറിക്കുന്നതിനായുള്ള സീനിയറേജ് പണം പിടിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഈ ഹര്‍ജി ശരിവച്ച് കൊണ്ട് നാഗമല, ഈസ്റ്റ് ഫീല്‍ഡ്, റിയാ, അമ്പനാട് എസ്റ്റേറ്റുകള്‍ ഹാരിസണ്‍ മലയാളം എന്നിവിടങ്ങളില്‍ നിന്നും റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തണമെന്ന് ഡിസംബര്‍ 28 ന് ജസ്റ്റിസ് അനുശിവരാമൻ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ കോടതി ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ് ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയത്. വനമേഖലയില്‍ മറ്റ് ഭാഗങ്ങളിലും മരങ്ങള്‍ മുറിച്ചോയെന്നും സംശയമുണ്ട്. കോടതി ഉത്തരവ് ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് ഹാരിസണ്‍ മാനേജ്മെന്‍റിന്‍റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam