
കാസർകോട്: കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്നലെ വൈകീട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെു സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത്തും മരിച്ചു. ഇരുവരുടെയും മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മരിച്ച ശരത് ലാലും കൃപേഷും. ശരത്ത് ലാൽ ജവഹർ ബാലജനവേദി മണ്ഡലം പ്രസിഡന്റുാണ്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരന് കൈക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയാണ് ശരത്ത്. ഇതിന്റെ് പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ആരോപണങ്ങൾ നിഷേധിക്കുകയാണ് സിപിഎം. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് കാസർകോട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ദേശീയപാത ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി കാസർകോടും യൂത്ത് കോൺഗ്രസ് സംസ്ഥാനത്തൊട്ടാകെയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെപിസിസിയുടെ ഇന്നത്തെ ജനമഹായാത്രയും യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ചയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇന്ന് വൈകീട്ട് കാസർകോട്ടെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam