
സുല്‍ത്താന്‍ ബത്തേരി: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടിന് പുറപ്പെട്ട നാല് കെഎസ്ആർടിസി ബസുകള്‍ വയനാട് സുൽത്താൻ ബത്തേരിയിൽ കുടുങ്ങിക്കിടക്കുന്നു. നൂറ്റൻപതോളം യാത്രക്കാരാണ് കുടുങ്ങിയത്. രാത്രി ബസുകൾ ബംഗളൂരുവിൽ നിന്ന് പുറപ്പെടുമ്പോൾ ഹർത്താൽ പ്രഖ്യാപിച്ചിരുന്നില്ല. കുടുങ്ങിക്കിടക്കുന്നവരിൽ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ട്.
കടകൾ തുറക്കാത്തതിനാൽ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമില്ലാതെ യാത്രക്കാർ ദുരിതത്തിലാണ്. കോഴിക്കോട് എത്തിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഹർത്താലനുകൂലികളുടെ ആക്രമണം ഭയന്ന് ജീവനക്കാർ അതിന് തയ്യാറായില്ല.
ബസുകളുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. പൊലീസ് സംരക്ഷണയിൽ ബസുകൾ കോഴിക്കോട്ടേക്ക് എത്തിക്കണം എന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബത്തേരി പൊലീസ് അതിന് തയ്യാറായിട്ടില്ല. നിരവധി പൊലീസ് സ്റ്റേഷൻ അതിർത്തികൾ കടന്നുപോകേണ്ടതുകൊണ്ടാണിത്.
കോയമ്പത്തൂരിലേക്ക് പോകേണ്ട മറ്റൊരു ബസ് സുരക്ഷ നല്‍കി അതിർത്തി കടത്തിവിടാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. പൊലീസ് നേതൃത്വം ഇടപെട്ട് ഹർത്താൽ ദുരിതത്തിൽ നിന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് കുടുങ്ങിക്കിടക്കുന്ന നൂറ്റൻപതോളം യാത്രക്കാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam