മലക്കം മറിഞ്ഞ് പദ്മകുമാർ: ബോർഡ് കമ്മീഷറോട് വിശദീകരണം ചോദിച്ചിട്ടില്ല, കടകംപള്ളിയുമായി തർക്കമില്ല

Published : Feb 08, 2019, 04:08 PM ISTUpdated : Feb 08, 2019, 04:53 PM IST
മലക്കം മറിഞ്ഞ് പദ്മകുമാർ: ബോർഡ് കമ്മീഷറോട് വിശദീകരണം ചോദിച്ചിട്ടില്ല, കടകംപള്ളിയുമായി തർക്കമില്ല

Synopsis

താൻ പുറത്തല്ല, അകത്തുതന്നെയാണ്. 'റിപ്പോർട്ട് കിട്ടട്ടെ' എന്ന് പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചു. അന്തിച്ചർച്ചയ്ക്ക് ഉപയോഗിച്ചു. 

തിരുവനന്തപുരം: ദേവസ്വംബോർഡ് കമ്മീഷണർ എൻ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് നിലപാട് തിരുത്തി ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമമുണ്ട്. താൻ പുറത്തല്ല, അകത്ത് തന്നെയാണെന്നും പദ്മകുമാർ വ്യക്തമാക്കി. സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ സാവകാശഹർജിയെക്കുറിച്ച് പരാമർശിക്കാതെ സർക്കാരിനെ പിന്തുണച്ചതിൽ അതൃപ്തി പരസ്യമാക്കി പദ്മകുമാർ രംഗത്ത് വന്നിരുന്നു. എന്നാൽ ആ നിലപാട് പൂർണമായും മാറ്റിപ്പറയുകയാണ് പദ്മകുമാറിപ്പോൾ. 

പദ്മകുമാറിനെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ബോർഡ് പ്രസിഡന്‍റ് നിലപാട് മാറ്റുന്നത്. പുറത്ത് പോകാൻ ഉദ്ദേശമില്ലെന്നും കാലാവധി പൂർത്തിയാക്കുമെന്നും പദ്മകുമാർ വ്യക്തമാക്കി. കമ്മീഷണറോട് താൻ വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോർട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു. തുടർന്ന് അത് അന്തിച്ചർച്ചയ്ക്ക് വിധേയമാക്കുകയായിരുന്നു. ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സർക്കാരിനൊപ്പമാണ് താൻ. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ലെന്നും പദ്മകുമാർ വ്യക്തമാക്കി.

സാവകാശ ഹർജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാധ്യമസൃഷ്ടിയാണ്. തർക്കത്തിലാക്കി ദേവസ്വം ബോർഡിനെ തകർക്കാമെന്ന് കരുതേണ്ടെന്നും പദ്മകുമാർ വ്യക്തമാക്കി. 

എ പദ്മകുമാറിന്‍റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് നേരത്തെ ദേവസ്വം കമ്മീഷണര്‍ എൻ വാസു വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത് രാഷ്ട്രീയ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എകെജി സെന്‍ററിലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എൻ വാസു പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോര്‍ഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാൽ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നൽകുമെന്നും എൻ വാസു പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്
വീണ്ടും ലോക കേരള സഭ; ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം, പ്രതീക്ഷിക്കുന്ന ചെലവ് പത്തു കോടി