
ഭോപ്പാല്‍: മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ മുകേഷ് തിവാരിയെയാണ് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ രണ്ട് ദിവസം മുമ്പ് സ്കൂളില്‍ നടന്ന ചടങ്ങില്‍ മുകേഷ് തിവാരി പ്രസംഗിച്ചുവെന്നാണ് ആരോപണം. മനോജ് തിവാരി പ്രസംഗിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ഈ വീഡിയോ പരിശോധിച്ചപ്പോള്‍ ഹെഡ്മാസ്റ്റര്‍ കുറ്റക്കാരനാണെന്ന് പ്രാഥമികമായി കണ്ടെത്തിയതിനാലാണ് സസ്പെന്‍ഷന്‍ നല്‍കിയതെന്നാണ് കളക്ടര്‍ ചാവി ഭരദ്വാജിന്‍റെ ഉത്തരവില്‍ പറയുന്നത്. നേരത്തെ, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ കമല്‍നാഥ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.
യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികൾ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങൾ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ, 70 ശതമാനത്തിൽ കൂടുതൽ സ്വദേശികളെ ജോലിക്ക് നിയോഗിക്കുന്ന കമ്പനികൾക്ക് നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും നൽകുമെന്നും കമൽനാഥ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam