ചാരായം വാറ്റുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 4, 2019, 8:07 PM IST
Highlights

അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറുടെ ഭാര്യയുടെ പേരിലുള്ള ഈ വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ല. എന്നാല്‍ മിക്ക ദിവസങ്ങളിലും രാത്രി ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നലെയും ലൈറ്റ് കണ്ടതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് ചാരായം വാറ്റുന്നത് കാണുന്നത്. 

മലപ്പുറം: നിലമ്പൂരില്‍ ചാരായം വാറ്റുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ അറസ്റ്റിലായി. സമീപവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എക്‌സൈസ്
എത്തിയതും പ്രതിയെ പിടികൂടിയതും. നിലമ്പൂരിന് സമീപമുള്ള ചുങ്കത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്‍പെക്ടര്‍ സുനില്‍ കമ്മത്താണ് പിടിയിലായത്. 

ചുങ്കത്തറയുടെ സമീപപ്രദേശമായ പണപ്പൊയിലിലെ വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുനിലിന്‍റെ ഭാര്യയുടെ പേരിലുള്ള ഈ വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ല. എന്നാല്‍ മിക്ക ദിവസങ്ങളിലും രാത്രി ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നലെയും ലൈറ്റ് കണ്ടതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് ചാരായം വാറ്റുന്നത് കാണുന്നത്. 

ഉടന്‍ തന്നെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ഫോണില്‍ വിളിച്ചറിയിച്ചു. രാത്രി 11 മണിയോടെ നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‍പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സുനിലിന്‍റെ വീട്ടിലെത്തി. മൂന്ന് ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ വാഷുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പ്രതിയെ റിമാന്‍റ് ചെയ്തു.

click me!