
തിരുവന്തപുരം: ദിവസം മുഴുവന്‍ നീണ്ടു നിന്ന കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടങ്ങള്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളിപ്പൊക്കത്തിലുമായി 22 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. ഇടുക്കിയില്‍ 11 പേരും മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്ടില്‍ ഒരാളും മഴക്കെടുതിയില്‍ മരണപ്പെട്ടു
ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പാലങ്ങള്‍ ഒലിച്ചു പോയി, മലയോരമേഖലകളിലെ റോഡുകള്‍ പലതും ചിന്നഭിന്നമായി. നൂറോളം വീടുകള്‍ തകര്‍ന്നു, ആയിരകണക്കിന് വീടുകളില്‍ വെള്ളംകയറി. സംസ്ഥാനത്തിന്‍റെ പലഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ ആയിരങ്ങളാണ് അഭയം പ്രാപിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇടുക്കി,ഇടമലയാര്‍, കുറ്റ്യാടി,മലന്പുഴ തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ഡാമുകളെല്ലാം നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നിട്ട് ജലനിരപ്പ് താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശക്തമായ നീരൊഴുക്ക് കാരണം ഡാമുകള്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നതായാണ് വിവരം. ഇടമലായര്‍,ഇടുക്കി, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് ആലുവയടക്കം പെരിയാറിന്‍റെ തീരത്തുള്ള വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീതിയിലാണ്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം കൂടി എത്തുന്നത് കണക്കിലെടുത്ത് പെരിയാറിന്‍റെ നൂറ് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. പെരിയാര്‍ചാലിയാര്‍,കുറ്റ്യാടിപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ, ചാലക്കുടി പുഴ തുടങ്ങി സംസ്ഥാനത്തെ പ്രമുഖനദികളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുക്കുകയാണ്.
താമരശ്ശേരി, കുറ്റ്യാടി, പാല്‍ചുരങ്ങളില്‍ ഒരേസമയം മണ്ണിടിഞ്ഞതോടെ വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ വെള്ളത്തിലായി. കണ്ണൂര്‍ ജില്ലയിലെ പഞ്ചാരയ്ക്കലില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മൂലം ഒരു പാലം ഒലിച്ചു പോയി. പാലക്കാട് നഗരത്തിലടക്കം പലയിടത്തും വെള്ളം കയറിയ അവസ്ഥയിലാണ്. മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വീണ്ടും ഉരുള്‍പൊട്ടലുണ്ടാക്കുമോ എന്ന ആശങ്കയും ശക്തമാണ്. മലയോരമേഖലകളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതമേഖലകളിലേക്ക് ഫയര്‍ഫോഴ്സിനും പൊലീസിനും എത്താനാവാത്ത അവസ്ഥയും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നു.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമടക്കം സംസ്ഥാനത്തെ പ്രധാന ഡാമുകളിലെല്ലാം ശക്തമായ നീരൊഴുക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇടുക്കി, ഇടമലയാര്‍,നെയ്യാര്‍,മലന്പുഴ, കുറ്റ്യാടി,ഭൂതത്താന്‍ക്കെട്ട് ഡാമുകള്‍ ഇതിനോടകം തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ഇടുക്കി ഡാമില്‍ 12 മണിക്ക് ട്രയല്‍ റണ്‍ ആരംഭിച്ചു ഇത് നാല് മണിവരെ തുടരും.
അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശിച്ചു. ദേശീയദുരന്തപ്രതിരോധസേനയുടെ രണ്ട് ബാച്ചുകള്‍ അടിയന്തരക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോടേക്കും വയനാട്ടിലേക്കും തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടേയും നാവികസേനയുടേയും സഹായം തേടിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി സൈന്യത്തിന്‍റെ ഹെലികോപ്ടര്‍ സേവനം ഉപയോഗപ്പെടുത്തുവാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കനത്തമഴയില്‍ ഏറ്റവും നാശനഷ്ടങ്ങളുണ്ടായത് ഇടുക്കി ജില്ലയിലാണ്. രാവിലെ പത്ത് മണിവരെയുള്ള വിവരം അനുസരിച്ച് 11 പേരാണ് ഇടുക്കിയില്‍ മാത്രം മരണപ്പെട്ടിരിക്കുന്നത്. അടിമാലിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. അടിമാലി സ്വദേശി ഹസ്സന്‍ കോയയുടെ വീടിന് മുകളിലേക്കാണ് സമീപത്തെ പാറയുടെ മുകളിലുള്ള മണ്ണ് ഇടിഞ്ഞു വീണത്.
സംഭവസമയം ഏഴ് പേര്‍ വീട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഗൃഹനാഥനായ ഹസ്സന്‍കോയയേയും ബന്ധു മുജീബിനേയും രക്ഷപ്പെടുത്തി.പിന്നീട് ആറ് മണിയോടെ ഹസ്സന്‍കോയയുടെ ഭാര്യ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. രണ്ടരമണിക്കൂറിന് ശേഷം ഹസ്സന്‍കോയയുടെ മക്കളായ ജമീല,നജീം,ദിയ,മിയ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രദേശത്തുള്ള മറ്റു വീട്ടുകാരെ മാറ്റിയിരിക്കുകയാണ്.
ഹസ്സന്‍കോയയുടെ വീടിന് രണ്ട് കിലോമീറ്റര്‍മാറി കൊരങ്ങാട്ടിയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ദന്പതികളായ മോഹന്‍, ശോഭ എന്നിവര്‍ മരിക്കുന്നത്. ഇടുക്കി കീഴ്ത്തോടിനടുത്ത് പകുതിപാലത്ത് മൂന്ന് പേര്‍ കുടുങ്ങി കിടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുരിശുകുത്തിയില്‍ ഒരു സ്ത്രീയുടെ മൃതശരീരവും ലഭിച്ചിട്ടുണ്ട്. കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ പലയിടത്തും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ടൂറിസം കേന്ദ്രമായ മൂന്നാറും ശക്തമായ മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മലപ്പുറം ജില്ലയുടെ മലയോരമേഖലകളായ നിലന്പൂര്‍,വണ്ടൂര്‍,വഴിക്കടവ്, പെരിന്തല്‍മണ്ണ,കരുവാരക്കുണ്ട് എന്നിവടങ്ങില്‍ കനത്തനാശമാണ് ഉണ്ടായത്. ആഢ്യന്‍പാറയ്ക്ക് മുകളില്‍ ചെട്ടിയാന്‍ പാറയിലെ ആദിവാസി കോളനിയിലെ ഒരു വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പറന്പാടന്‍ സുബ്രഹ്മണ്യന്‍ എന്നയാളുടെ വീട്ടിലേക്കാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രാത്രി മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചില്‍ ഭീതി കാരണം മറ്റു കോളനിവാസികളെല്ലാം നേരത്തെ ഇവിടെ നിന്നും പോയിരുന്നു. അവശേഷിച്ചവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരേയും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
സുബ്രഹ്മണ്യന്‍ അമ്മ കുഞ്ഞി, ഭാര്യ ഗീത മക്കളായ നവനീത്,നിവേദ് കുഞ്ഞിയുടെ സഹോദരപുത്രന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടം വിവരം നാട്ടുകാര്‍ അറിയിച്ചെങ്കിലും പൊലീസിനോ ഫയര്‍ഫോഴ്സിനോ അപകടസ്ഥലത്തേക്ക് സമയത്ത് എത്താനായില്ല. ആഢ്യന്‍ പാറയിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞും മരംവീണും ഗതാഗതം തടസപ്പെട്ടതാണ് ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലത്ത് എത്താന്‍ തടസ്സമായത്. ബൈക്കിലും നടന്നും വളറെ ക്ലേശിച്ചാണ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ നിലന്പൂര്‍താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ചാലിയാറടക്കം മലപ്പുറത്തെ പ്രധാന നദികളെല്ലാം നിലവില്‍ കരകവിഞ്ഞു ഒഴകുകയാണ്. ചാലിയാറിന് കുറുകെയുള്ള മൂര്‍ക്കനാട്ടെ ഇരുന്പ് പാലം ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. കരുവാരക്കുണ്ടില്‍ ശക്തമായ ഉരുള്‍ പൊട്ടലുണ്ടായെങ്കിലും ആള്‍താമസം കുറഞ്ഞ മേഖലയായതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. ഇവിടെ ഒലിപ്രം പുഴകരകവിഞ്ഞതും നാശനഷ്ടങ്ങളുടെ വ്യാപതി വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 48 മണിക്കൂറായി മഴ തുടരുന്ന നിലന്പൂരില്‍ പലയിടത്തും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാരണം വയനാട് ജില്ല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്‍റെ മെസ് ഹൗസും തകർന്നു. താമരശ്ശേരി ചുരത്തില്‍ അഞ്ചിടത്ത് മണ്ണിടിഞ്ഞു. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങിയതോടെ മൈസൂര്‍--കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 -തോളം പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.
സമീപജില്ലകളില്‍ നിന്നും ഒറ്റപ്പെട്ട വയനാട്ടിലേക്ക് കൊച്ചിയില്‍ രക്ഷപ്രവര്‍ത്തനത്തിനായി ബോട്ടുമായി നാവികസേന പുറപ്പെട്ടിട്ടുണ്ട്. ചുരമിടിഞ്ഞതാനില്‍ തമിഴ്നാട്ടിലെ തേനി വഴി ഇവര്‍ വയനാട്ടില്‍ എത്തും എന്നാണ് വിവരം. എന്‍ഡിആര്‍എഫിന്റെ യൂണിറ്റ്,നേവിയുടെ രണ്ട് ഹെലികോപ്റ്റര്‍ മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഡിഎസ്‌സിയുടെ ഒരു കന്പനിയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. റവന്യ വകുപ്പിന്റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാള്‍ മരിച്ചു. മട്ടിക്കുന്ന് സ്വദേശി റിജിത്താണ് മരിച്ചത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെ പുഴയില്‍ കാണാതാവുകയായിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് മണൽവയൽ പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി. മലവെള്ളപ്പാച്ചിലില്‍ എത്തിയ മരങ്ങള്‍ പാലത്തില്‍ കുടുങ്ങി ഒഴുകി തടസ്സപ്പെട്ടതോടെയാണ് കണ്ണപ്പന്‍കുണ്ടിലേക്ക് പുഴ ദിശമാറി ഒഴുകാന്‍ തുടങ്ങിയത് ഈ പ്രദേശം ഇപ്പോള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam