ഇന്തൊനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കിയ ശേഷം പിന്‍വലിച്ചു

By Web TeamFirst Published Sep 28, 2018, 7:03 PM IST
Highlights

ഇന്തൊനേഷ്യയിലെ സുമാത്രയിലുണ്ടായ വന്‍ ഭൂചലനമാണ് 2004ല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരങ്ങളില്‍ സുനാമി ആഞ്ഞടിക്കാന്‍ കാരണമായത്. 14 രാജ്യങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം പേരാണ് അന്ന് സുനാമിയെ തുടര്‍ന്ന് മരിച്ചത്
 

ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മുന്നറിയിപ്പ് പിന്‍വലിച്ചു. 

ഭൂചലനത്തില്‍ ഒരു മരണവും പത്ത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സുലവേസിയില്‍ നിരവധി വീടുകള്‍ തകര്‍ന്നുവീണു. ദ്വീപില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങണമെന്നും കേടുപാടുകളുള്ള കെട്ടിടങ്ങളില്‍ നിന്ന് മാറിത്താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സുലവേസി ദ്വീപിന്റെ സമീപത്തുള്ള ലോമ്പോക്ക് എന്ന ദ്വീപില്‍ ഇക്കഴിഞ്ഞ ജൂലൈ- ആഗസ്റ്റ് മാസങ്ങളിലുണ്ടായ ഭൂചലനത്തില്‍ 500ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തൊനേഷ്യയിലെ സുമാത്രയിലുണ്ടായ വന്‍ ഭൂചലനമാണ് 2004ല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരങ്ങളില്‍ സുനാമി ആഞ്ഞടിക്കാന്‍ കാരണമായത്. 

14 രാജ്യങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം പേരാണ് അന്ന് സുനാമിയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് സുനാമി ഏറ്റവുമധികം ബാധിച്ചത്. 

click me!