ഇടുക്കി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ അണക്കെട്ടുകളഅ തുറന്നു. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടുകളിലും സ്ഥിതി വിലയിരുത്താനായി കളക്ട്രേറ്റില്‍ അവലോകന യോഗം ചേരും.
ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ 50000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കാനാണ് ആലോചന. അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം 40 സെന്റീമീറ്റർ ഉയർത്താനാണു നീക്കം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മറ്റു ഷട്ടറുകളും ഉയർത്തും. ഇന്നു 10 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ചൊവ്വ രാവിലെ 2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണയിൽ ഇപ്പോൾ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
അതിതീവ്ര മഴക്ക് മുന്നറിയപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതം തുറന്നു. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകവുടെ ഷട്ടറുകൾ കൂടുതലുയർത്തും. കുറ്റ്യാടിപ്പുഴ, തൊടുപുഴയാർ, മുതിരപ്പുഴയാർ തീരങ്ങളില്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കല്ലടയാറ്റിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെ ഇടുക്കി ജില്ലയിൽ രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ മലയോര മേഖലയിൽ ഇന്നു മുതൽ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു. ജില്ലയിൽ വിനോദസഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ), അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂർണമായി നിരോധിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam