
പത്തനംതിട്ട: പമ്പാ നദിയിൽ വൻ തോതിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമലയും പമ്പയും ഒറ്റപ്പെട്ടു. നിറപുത്തരി ഉത്സവത്തിനായി ശബരിമലയിലേക്കുള്ള യാത്ര ഭക്തർ ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശം നൽകി. പമ്പയില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയെതുടർന്ന് കക്കി ആനത്തോട്, കൊച്ച് പമ്പാ അണക്കെട്ടുകളുടെ ഷട്ടർ തുറന്ന് വിട്ടതാണ് പമ്പയിൽ ജലനിരപ്പ് ഉയരാനിടയാക്കിയത്. പമ്പാ ത്രിവേണിയിൽ രണ്ട് പാലങ്ങളും വെള്ളത്തിനടയിലാണ്. തീർത്ഥാടകർക്ക് ശബരിമലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിറപുത്തരി ദർശനത്തിനെത്തുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് നിർദേശം നൽകിയത്.പുത്തരിക്കായി എത്തുന്ന ഭക്തരെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് മടക്കി അയക്കാനാണ് തീരുമാനം. പമ്പയിൽ ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും ഭക്തരെ തടയും.
നിയന്ത്രണം മറികടന്ന് യാത്ര നടത്താൻ ശ്രമിക്കരുതെന്ന് പൊലീസും ജില്ലാ ഭരണകൂടവും നിർദേശിച്ചു. 14 ന് വൈകിട്ടാണ് നിറപുത്തരിക്കായി നട തുറക്കുക. 15 ന് രാവിലെ 6.0 നും 6.30 ഇടക്കാണ് നിറപുത്തരി പൂജ. ത്രിവേണിയിൽ ദേവസ്വം ബോർഡിന്‍റെ ശർക്കര ഗോഡൗൺ , ദേവസ്വം മെസ്സ് അടക്കം പത്തിൽ അധികം കടകൾ, ആശുപത്രിയുടെ താഴത്തെ നില എന്നിവ വെള്ളത്തിനിടയിലാണ്.നടപന്തലിലും പാർക്കിംഗ് ഗ്രൗണ്ടിലും വെള്ളം കയറിയിട്ടുണ്ട്. ശൗചാലങ്ങൾ ഉൾപ്പെടെ ഉപയോഗ ശൂന്യമായിട്ടുണ്ട്. നിറപുത്തരിക്ക് ഒപ്പം ചിങ്ങമാസ പൂജകൾക്ക് എത്തുന്ന ഭക്തരെയും നിയന്ത്രണം ബുദ്ധിമുട്ടിലാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam