ശബരിമലയില്‍ വന്‍തിരക്ക്, ഇന്നലെ ദര്‍ശനം നടത്തിയത് ഒരുലക്ഷം പേര്‍

By Web TeamFirst Published Jan 14, 2019, 9:57 AM IST
Highlights

തിങ്കളാഴ്ച്ച രാവിലെ ഒന്‍പത് മണി വരെ 33,000 പേര്‍ പന്പ വഴി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിട്ടുണ്ട്.  രണ്ട് ലക്ഷത്തോളം പേര്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുമെന്നാണ് പൊലീസിന്‍റെ കണക്കു കൂട്ടല്‍.

ദില്ലി: സംഘര്‍ഷഭരിതമായ സീസണിനൊടുവില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക് പൂജകളും ചടങ്ങുകളും നടക്കും. തിങ്കളാഴ്ച്ച രാവിലെ പത്ത് മണിയോടെ നെയ്യഭിഷേകം പൂര്‍ത്തിയാവും. ശേഷം മകരസംക്രമ പൂജകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.

കഴിഞ്ഞ ദിവസങ്ങളിലെ ആലസ്യം വിട്ടൊഴിഞ്ഞ സന്നിധാനത്ത് വന്‍ഭക്തജനതിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി 12 മണി വരെ 1,00312 പേർ 
മല കയറിയതായാണ് കണക്ക്. ഇന്ന് പകലിലും  തിരക്കിന് ഒട്ടും കുറവില്ല. തിങ്കളാഴ്ച്ച രാവിലെ ഒന്‍പത് മണി വരെ 33,000 പേര്‍ പന്പ വഴി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിട്ടുണ്ട്. മിനിറ്റില്‍ 85 പേര്‍ വീതം ഇന്ന് പകലില്‍ പതിനെട്ടാം പടി കയറുന്നുണ്ട്. 

തിരുവാഭാരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര അഞ്ചര മണിയോടെ ശരംകുത്തിയിലെത്തും. ഇവിടെ നിന്നും അയ്യപ്പസേവാ സംഘവും ദേവസ്വം ബോര്‍ഡ് അധികൃതരും തീര്‍ത്ഥാടകരും ചേര്‍ന്ന് സ്വീകരിക്കും. സന്നിധാനത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അടക്കമുള്ളവര്‍ സന്നിധാനത്ത് ഘോഷയാത്രാ സംഘത്തെ വരവേല്‍ക്കും. 

ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി എട്ട് പോയിന്‍റുകളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുമെന്നാണ് പൊലീസിന്‍റെ കണക്കു കൂട്ടല്‍. തമിഴ്നാട്, ആന്ധ്രാ, തെലങ്കാനാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മകരവിളക്ക് മഹോത്സവത്തിന് എത്തിയവരില്‍ കൂടുതലും. 

അതേസമയം ബേസ് ക്യാംപായ നിലയ്ക്കലില്‍ സ്വകാര്യവാഹനങ്ങള്‍ കടത്തി വിടുന്നത് തടഞ്ഞു. 8000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുള്ള നിലയ്ക്കല്‍ പാര്‍ക്കിംഗ് യാര്‍ഡ് നിറഞ്ഞതോടെയാണ് സ്വകാര്യവാഹനങ്ങള്‍ പൊലീസ് തടഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെ നിലയ്ക്കല്‍ യാര്‍ഡ് നിറഞ്ഞെന്നാണ് പൊലീസ് അറിയിക്കുന്നത്. നിലയ്ക്കലിലേക്കുള്ള റോഡില്‍ പലയിടത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടതോടെ എരുമേലിയില്‍ നിന്നും തന്നെ സ്വകാര്യവാഹനങ്ങള്‍ തടയുകയാണ് പൊലീസ്. ഒരു കാരണവശാലും എരുമേലിയ്ക്ക് അപ്പുറം സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എരുമേലിയില്‍ നിന്നും കെഎസ്ആര്‍ടിസി നിലയ്ക്കലിലേക്ക് ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. 

മകരജ്യോതി ദർശനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരോധനാജ്ഞ തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണമായിട്ടില്ല. 144 പ്രഖ്യാപിച്ചതു വഴി തീർത്ഥാടകർക്ക്  കൂടുതൽ സുരക്ഷ ഒരുക്കാനായെന്നും കളക്ടർ പറഞ്ഞു. മകരവിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയിലും തീര്‍ത്ഥാടന പാതയിലും ഒരുക്കിയിരിക്കുന്നത് പൊലീസ് അറിയിച്ചു. സന്നിധാനത്ത് മാത്രം രണ്ടായിരം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. 

click me!