
തിരുവനന്തപുരം: ഇന്നലെ വൈകിട്ടോടെ ശക്തമായി വീശിയടിച്ച കാറ്റിൽ വീടിന്‍റെ മേൽകൂരയോടൊപ്പം പറന്നുപോയ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂർ സ്റ്റേഡിയത്തിന് സമീപം ചരുവിളയിൽ കുമാർ -ഷീബ ദമ്പതികളുടെ രണ്ടുമാസം മകൻ പ്രായമുള്ള വിനായക് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ ഷീറ്റ് മേഞ്ഞ വീടിന്‍റെ മേൽക്കൂര മൊത്തത്തിൽ പറന്നുപൊങ്ങി. കൂട്ടത്തിൽ മേൽകൂരയിൽ കെട്ടിയിരുന്ന തൊട്ടിലിലുറങ്ങുകയായിരുന്ന കുഞ്ഞും തൊട്ടിലോടെ കാറ്റിൽ പറന്നുപോയി. ഭാഗ്യത്തിന് വീടിനോട് ചേർന്ന് നിന്ന തെങ്ങിൽ തട്ടി ഷീറ്റ് നിന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. സംഭവ സമയം ഷീബയും മറ്റ് രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മയുടെ കൺമുന്നിലായിരുന്നു സംഭവം.
കുഞ്ഞിനെ കിടത്തിയിരുന്ന തൊട്ടിലുമായി ശക്തമായ കാറ്റിൽ വീടിന്‍റെ ഷീറ്റ് മേഞ്ഞ മേൽകൂരയടക്കം പറന്നു പൊങ്ങുന്നത് നേരിൽ കണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്ന ഷീബ പെട്ടെന്ന് തന്നെ മനസാന്നിദ്ധ്യം വീണ്ടെടുത്ത് ഏണി ഉപയോഗിച്ച് തെങ്ങിൽ തട്ടിനിന്ന ഷീറ്റിൽ തൂങ്ങിക്കിടന്ന തൊട്ടിലിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പരിക്കോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തി. വീട്ടിലെ ഫാൻ , റ്റ്യൂബ് ലെറ്റുകൾ ഉൽപ്പടെയാണ് മേൽകൂര കാറ്റിൽ പറന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam