
ദില്ലി: സംസ്ഥാന കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുക്കുമ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ് അനുവദിക്കാനാവില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. സംസ്ഥാന നേതാക്കൾ നാളെ രാവിലെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഒരു ഗ്രൂപ്പിലും ഇല്ലാത്തതു കൊണ്ടാണ് തന്നെ ആക്രമിക്കുന്നതെന്ന് പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
നിർണ്ണായക ചർച്ചകൾക്കായി ഉമ്മൻചാണ്ടി രാവിലെ ദില്ലിയിൽ എത്തി. രമേശ് ചെന്നിത്തലയും എം എം ഹസനും വൈകിട്ടെത്തും. ഇന്ന് മുകുൾ വാസ്നിക്, എകെ ആൻറണി എന്നിവരെ കാണും. ഈ മൂന്നു നേതാക്കൾക്കു പുറമെ കൂടുതൽ നേതാക്കളുമായുള്ള ആശയവിനിമയം എഐസിസി തുടങ്ങിയിട്ടുണ്ട്. മുകുൾ വാസ്നിക് രാവിലെ വയലാർ രവിയുടെ വീട്ടിലെത്തി അഭിപ്രായം തേടി. ഹൈക്കമാൻഡ് നേതാക്കൾക്കു നല്കുന്ന സന്ദേശം ഇതാണ്.
പാർട്ടയുടെ സംഘടനാ ശക്തി കൂട്ടാനും നിലവിലെ വീഴ്ചകൾ പരിഹരിക്കാനുമുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്ക്കൽ അനുവദിക്കാൻ കഴിയില്ല. രാജ്യസഭാ സീറ്റിൻറെ കാര്യത്തിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം വരും. കുര്യനു തന്നെ സീറ്റു നല്‍കണമന്ന് എംപിമാരിൽ ഭൂരിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന നേതാക്കൾ തന്നെയാണ് തനിക്കെതിരെയുള്ള പ്രസ്താവനകൾക്ക് പിന്നിൽ എന്ന പരോക്ഷ വിമർശനമാണ് പിജെ കുര്യൻ ഉന്നയിക്കുന്നത്
കുര്യനെ മാറ്റിയാൽ പി സി ചാക്കോ, ഷാനിമോൾ ഉസ്മാൻ എന്നിവരെയാണ് രാജ്യസഭാ സീറ്റിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്. പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാൽ പി സി വിഷ്ണുനാഥാണ് ഉമ്മൻചാണ്ടിയുടെ പട്ടികയിലുള്ളത്. രാജ്യസഭയിൽ നല്ല ഇടപെടൽ നടത്താൻ കഴിയുന്ന ഒരാൾ വേണം എന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാഹുൽ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam