
കൊച്ചി: സ്വവർഗാനുരാഗികളായ നാൽപതുകാരിയെയും 24കാരിയേയും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ച് കേരളാ ഹൈകോടതിയുടെ സുപ്രധാന ഉത്തരവ്. കൊല്ലം സ്വദേശിനിയായ നാൽപതുകാരിയുടെ ഹേബിയസ് കോർപസ് ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്‍റെ നടപടി. തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ യുവതിയെ മാതാപിതാക്കൾ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് അന്യായ തടങ്കലിൽ പാർപ്പിച്ചെന്നായിരുന്നു കല്ലട സ്വദേശിനിയുടെ ഹേബിയസ് കോർപസ് ഹർജി. ഖത്തറിൽ ജോലി ചെയ്തിരുന്ന താൻ തിരുവനന്തപുരം വട്ടവിള സ്വദേശിനിയുമായി അടുപ്പത്തിലാണെന്നും ജീവിത പങ്കാളികളായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
വട്ടവിള സ്വദേശിനിയായ യുവതിയെ അവരുടെ മാതാപിതാക്കൾ മാനസികരോഗ ചികിൽസാ കേന്ദ്രത്തിലാക്കിയെന്നും തടഞ്ഞുവെച്ചിരിക്കുന്നുമായിരുന്നു പരാതി. ഇതേത്തുടർന്നാണ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഹർജിക്കാരിക്കൊപ്പം പോകാനാണ് തനിക്ക് താൽപര്യമെന്ന് വട്ടവിള സ്വദേശിനിയായ യുവതിയും ഹൈക്കോടിയെ അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ വാദവും ഒരേ ലിംഗത്തിൽപ്പെട്ട രണ്ട് പേർക്ക് ജീവിതപങ്കാളികളായി കഴിയുന്നത് തടയാനാവില്ലെന്ന സുപ്രീംകോടതി വിധിയും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വവർഗാനുരാഗികൾക്ക് ഒന്നിച്ച് ജീവിക്കാൻ നിയമതടസമില്ലെന്ന സുപ്രീംകോടതി വിധിക്കുശേഷം ആദ്യമായാണ് കേരള ഹൈക്കോടതിയിൽ നിന്ന് സമാനമായ കേസിൽ ഉത്തരവുണ്ടാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam