ശബരിമല നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍; വാവര് നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണം

By Web TeamFirst Published Dec 12, 2018, 12:48 PM IST
Highlights

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ  എന്നിവിടങ്ങളിലെ ബാരിക്കേഡ് നീക്കാന്‍ കോടതി പോലീസിന് നിർദ്ദേശം നല്‍കി. 

കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.  നിയന്ത്രണങ്ങളിൽ ഹൈക്കോടതി കൂടുതൽ ഇളവ് അനുവദിച്ചു.  വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. 

ശബരിമലയിൽ രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും  കെ എസ് ആർ ടി സി ടൂ വേ ടിക്കറ്റ് നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കലാകാരന്‍മാര്‍ക്ക് ശബരിമലയിൽ അവരുടെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടോ എന്ന് കോടതി ചോദിച്ചു.

ശിവമണിക്ക് നടപന്തലിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ്‌ വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും , തിരിച്ചും ഒരുമിച്ച് ടിക്കറ്റെടുക്കാൻ തീർത്ഥാടകരെ കെഎസ്ആർടിസി നിർബന്ധിക്കരുത്. യാത്രക്കാർക്ക് ആവശ്യമുള്ള ടിക്കറ്റേ നൽകാവൂ. നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണം. ശുചിമുറിയിൽ ഫ്ലഷിങ്ങ് സൗകര്യമുള്ള ടാങ്കുകൾ സ്ഥാപിക്കണം. നിലയ്ക്കലിൽ പൊലീസിന് എയർ കണ്ടീഷൻ സൗകര്യമുള്ള താമസസ്ഥലം ഒരുക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സമിതിയുടെ ശുപാർശയിലുണ്ട്. 

click me!